ഒരു കാലത്ത് കലോത്സവവേദിയില്‍ ലളിതഗാനമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയിരുന്ന, പിന്നീട് പാലക്കാട് സംഗീതകോളെജില്‍ പഠിച്ചിരുന്ന മനോജ് ഇന്ന് കുന്നംകുളത്ത് അലഞ്ഞുതിരിയുന്ന യുവാവാണ്. പക്ഷെ ഈയിടെ ഒരു സ്വകാര്യ ടെലിവിഷന്റെ ലേഖകന്‍ മനോജിനെ കണ്ടെത്തുകയും വാര്‍ത്ത നല്‍കുകയും ചെയ്തതോടെ പണ്ട് തൃശൂര്‍ കേരളവര്‍മ്മ കോളെജിലും പിന്നീട് പാലക്കാട്ടെ സംഗീതകോളെജിലും പഠിച്ച കൂട്ടുകാര്‍ മനോജിന് വേണ്ടി കൈകോര്‍ക്കുകയാണ്. ശ്രീജിത് കൃഷ്ണ ശ്രൂതിലയം എന്ന പഴയ സഹപാഠി ഫേസ്ബുക്കില്‍ മനോജിനെ ആര്‍ക്കെങ്കിലും കണ്ടെടുത്ത് തരാമോ എന്ന് ചോദിച്ച് ഇട്ട കുറിപ്പാണ് ടെലിവിഷന്‍ ലേഖകനെ മനോജിലേക്ക് എത്തിച്ചത്.
അലച്ചിലും ഏകാന്തതയും ഒറ്റപ്പെടലും ചേര്‍ന്ന് ബുദ്ധിയുടെ അതിര്‍വരമ്പുകള്‍ മായ്ച്ചു തുടങ്ങുന്ന സമയത്ത് തന്നെ മനോജ് എന്ന മുത്തിനെ കണ്ടെത്തിയതോടെ ഇതുവരെ തങ്ങള്‍ക്ക് നഷ്ടമായ പ്രിയഗായകനെ തിരിച്ചുകിട്ടിയ ആനന്ദത്തിലാണ് വലിയൊരു സുഹദ് വലയം. തൃശൂര്‍ കേരളവര്‍മ്മ കോളെജിലെ മണ്‍തരികള്‍ക്ക് മനോജ് എന്ന ഗായകനെ ഓര്‍മ്മയുണ്ടാകും. കാരണം അദ്ദേഹം മരച്ചുവട്ടിലും ക്ലാസ് മുറികളിലും മനോജ് നിരന്തരം പാടുമായിരുന്നുവെന്ന് കൂട്ടുകാര്‍ ഓര്‍മ്മിയ്‌ക്കുന്നു. പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ കേരളവര്‍മ്മയിലെ പഴയ ചങ്ങാതിമാര്‍ മനോജിനെ എടുത്ത് വീണ്ടും കേരളവര്‍മ്മ കോളെജിന്റെ മരച്ചുവട്ടില്‍ ഒത്തുചേര്‍ന്നു. മനോജ് പണ്ട് ആലപിച്ച പ്രണയഗാനങ്ങള്‍ ഓര്‍ത്തെടുത്തു…പ്രാണസഖീ….ആ ശാരീരവും അസാധാരണസ്വരസഞ്ചാരങ്ങളും ഗായകനെ വീണ്ടും പ്രിയങ്കരനാക്കുന്നു. ജീവിതത്തില്‍ ഒരു പാട് തിരിച്ചടികള്‍ കിട്ടുക വഴി മനോനില തെറ്റിത്തുടങ്ങിയ ഗായകന്‍ മനോജ് ഒരു കാലത്ത് എത്രത്തോളം സംഗീതത്തില്‍ സ്വയം നഷ്ടപ്പെട്ട ഗായകനായിരുന്നുവെന്ന് ഇപ്പോഴും ആ ആലാപനം തെളിയിക്കുന്നു. ജീവിതപരീക്ഷണങ്ങളാല്‍ മനോജ് സംഗീതത്തെ നഷ്ടപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മനോജിനെ സംഗീതം ഒരിയ്‌ക്കലും കൈവിട്ടിട്ടില്ല.
ഇപ്പോഴിതാ ശശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഓറ എന്ന സിനിമയില്‍ മനോജിന് പാടാന്‍ ഒരു അവസരം നല്കുകയാണ്. മനോജിന്റെ സുഹൃത്തായ ശ്രീജിത് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മനോജിനെ ഇനി അലച്ചിലിനും അരക്ഷിതജീവിതത്തിനും ലഹരിയ്‌ക്കും വിട്ടുകൊടുക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് കൂട്ടുകാര്‍. അവന് സ്വസ്ഥമായി ഇരിക്കാനുള്ള ഒരു ഇടം ഒരുക്കിക്കൊടുക്കുമെന്ന് കേരളവര്‍മ്മയിലെ സഹപാഠികള്‍ പറയുന്നു.
ഇപ്പോഴും രവീന്ദ്രന്‍മാസ്റ്റര്‍ ഈണം പകര്‍ന്ന് യേശുദാസ് പാടിയ ഹരീമുരളീരവം എന്ന വിവിധരാഗങ്ങളുടെ സങ്കീര്‍ണ്ണസങ്കലനങ്ങള്‍ നിറഞ്ഞ ഈ ഗാനം മനോജ് വീണ്ടും പാടാന്‍ ശ്രമിക്കുമ്പോള്‍ ലോകം അന്തം വിടുകയാണ്. കാരണം മനോജിന്റെ ശാരീരം പഴയ സ്വരസഞ്ചാരവഴികള്‍ കണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉറപ്പിച്ച് പറയാനാകും- ഈ ഗായകന്‍ തിരിച്ചുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: