ബെംഗളൂരു: ബെംഗളൂരുവില്‍ സൈബര്‍ തട്ടിപ്പ് കേസുകള്‍ സജീവമാകുന്നു. പാര്‍ട്ട് ടൈം ജോബിന്റെ പേരില്‍ നഗരത്തില്‍ നിന്നുള്ള യുവാവിന് നഷ്ടപ്പെട്ടത് 61.58 ലക്ഷം രൂപ. ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റി സ്വദേശിയായ ഉദയ് ഉല്ലാസില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ പണം തട്ടിയെടുത്തത്.
ഒരുമാസം മുമ്പാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങള്‍ നല്കുന്ന ടെലഗ്രാം ഗ്രൂപ്പില്‍ ഉദയ് അംഗമായത്. ഇതില്‍ ഒരു ദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യം കാണുകയും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. ആദ്യനിക്ഷേപമായി 10,000 രൂപ അടയ്ക്കുകയും ചെയ്തു. അന്നു വൈകിട്ട് മുടക്കു മുതല്‍ അടക്കം 20,000 രൂപയാണ് ഉദയിന് ലഭിച്ചത്. രണ്ടുദിവസം ഇതേരീതിയില്‍ നിക്ഷേപംനടത്തുകയും ലാഭം നേടുകയും ചെയ്തശേഷം മൂന്നാംദിവസം 20 ലക്ഷം രൂപ ഉദയ് നിക്ഷേപിച്ചു. എന്നാല്‍ പണം തിരിച്ചു കിട്ടിയില്ല.
ഇതേത്തുടര്‍ന്ന് ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നികുതി സംബന്ധിച്ച പ്രശ്നത്തെത്തുടര്‍ന്നാണ് പണം പിന്‍വലിക്കാന്‍ കഴിയാത്തതെന്നും 20 ലക്ഷം രൂപ കൂടി അടച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും ഇവര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. ഇതോടെ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും തുക പൂര്‍ണമായി പിന്‍വലിക്കണമെങ്കില്‍ ആപ്പിന്റെ പ്രീമിയം അക്കൗണ്ട് എടുക്കണമെന്നുമായിരുന്നു ഉദയ്ക്ക് ലഭിച്ച സന്ദേശം. 20 ലക്ഷം രൂപ കൂടി അടയ്ക്കുന്നതോടെ മാത്രമേ പ്രീമിയം അംഗത്വം ലഭിക്കുകയുള്ളൂവെന്നും ആപ്പ് അധികൃതര്‍ ഉദയിനോട് പറഞ്ഞു.
ഇതനുസരിച്ച് പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. പിന്നീട് പലവട്ടം ശ്രമിച്ചിട്ടും പണം പിന്‍വലിക്കാനോ ആപ്പ് അധികൃതരുമായി ബന്ധപ്പെടാനോ കഴിയാതിരുന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ഉദയ്ക്ക് ബോധ്യമായത്. ഇതോടെയാണ് ഉദയ് സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: