ന്യൂദല്‍ഹി: എബിവിപി 69-ാം ദേശീയ സമ്മേളനത്തിന് രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ബുരാരിയിലെ ഡിഡിഎ മൈതാനത്ത് പ്രത്യകം തയാറാക്കിയ ഇന്ദ്രപ്രസ്ഥ നഗറാണ് സമ്മേളനത്തിന് വേദിയാവുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 8ന് രാവിലെ 11.30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞ വല്‍ക്യ ശുക്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എബിവിപിയുടെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് മഹോത്സവ സമ്മേളനത്തില്‍ സമകാലിക സാമൂഹിക പാരിസ്ഥിതിക വിദ്യാഭ്യാസ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. വിദ്യാഭ്യാസം മുതല്‍ രാഷ്ട്രീയം വരെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിപുലമായ ചര്‍ച്ചകളിലൂടെ പ്രായോഗിക മാറ്റങ്ങള്‍ വളര്‍ത്താനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
എബിവിപി സ്ഥാപകരിലൊരാളായ ദത്താജി ദിദോല്ക്കറുടെ പേരില്‍ സമ്മേളനനഗരിയില്‍ ഒരുക്കുന്ന പ്രദര്‍ശനം പ്രതിനിധികള്‍ക്ക് നവ്യാനുഭവം സമ്മാനിക്കും. ഭാരതീയ സംസ്കൃതിയുടെ മൂല്യങ്ങള്‍ വിളിച്ചോതുന്ന പ്രദര്‍ശനം ഛത്രപതി ശിവാജി മഹാരാജ്, ഹൈന്ദവി സ്വരാജ്, ദല്‍ഹിയുടെ യഥാര്‍ത്ഥ ചരിത്രം, മഹത്തായ സ്വാതന്ത്ര്യ സമരചരിത്രം തുടങ്ങി എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും ഭാരതത്തിന്റെ ചെറുരൂപം തന്നെ പ്രദര്‍ശനത്തില്‍ കാണാനാകും.
സമ്മേളനത്തോടനുബന്ധിച്ച് പതിനായിരം പേര് അണിനിരക്കുന്ന ശോഭായാത്ര നടക്കും. ഈ ശോഭായാത്രയും അവിസ്മരണീയ അനുഭവമാക്കാനാണ് സംഘാടകര്‍ തയാറെടുക്കുന്നത്. ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്കാരവും പൈതൃകവും വിളിച്ചോതുന്നതാകും ശോഭായാത്ര. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പരമ്പരാഗതവസ്ത്രങ്ങള്‍ ധരിച്ച് ശോഭായാത്രയില്‍ പങ്കെടുക്കും. സമ്മേളനത്തിനായി പരിസ്ഥിതി സൗഹൃദ ഭക്ഷണശാലയാണ് സംഘാടകര്‍ ഒരുക്കുന്നത്. എബിവിപി ദേശീയ സെക്രട്ടറി മുസ്തഫ അലി, ദേശീയ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ്, ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: