ന്യൂദല്‍ഹി: അഭിപ്രായസര്‍വ്വേകള്‍ മധ്യപ്രദേശില്‍ പ്രവചിച്ചത് കോണ്‍ഗ്രസ് ജയിക്കുമെന്നാണ്. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അട്ടിറിച്ച സ്ത്രീകളുടെ വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ കോണ്‍ഗ്രസ് തറപറ്റി. ബിജെപി സര്‍ക്കാര്‍ വനിതകള്‍ക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് വിശദമായ പ്രചാരണം ബിജെപി നടത്തിയിരുന്നു.
ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാന് പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ലാഡ് ലി ബഹന. 23 മുതല്‍ 60 വരെ പ്രായപരിധിയുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം നല്കുന്ന പദ്ധതിയായിരുന്നു ഇത്. തുക പിന്നീട് 250 രൂപ കൂടി വര്‍ധിപ്പിച്ച് 1250 രൂപ വീതം നല്കി. പ്രായപരിധിയാകട്ടെ രണ്ട് വയസ്സ് കൂടി താഴ്ത്തി 21 എന്നാക്കി. 1.32 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസം തോറും തുകയെത്തി. വീണ്ടും ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ തുക കൂട്ടിനല്കാമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്തായാലും ഇത് ഫലിച്ചു. ഇതിന് പുറമെ സംസ്ഥാന സര്‍വ്വീസിലും അധ്യാപകനിയമനത്തിലും സ്ത്രീസംവരണവും ബിജെപി സര്‍ക്കാര്‍ പാലിച്ചിരുന്നു.
2018നെ അപേക്ഷിച്ച് മധ്യപ്രദേശില്‍ 2023ല്‍ പോളിംഗില്‍ 1.52 ശതമാനം വര്‍ധനവുണ്ടായിരുന്നു. സ്ത്രീവോട്ടര്‍മാരുടെ പോളിംഗില്‍ 2.03 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അഭിപ്രായ സര്‍വ്വേകളെ അട്ടിമറിച്ച് സ്ത്രീവോട്ടര്‍മാരില്‍ നല്ലൊരു ശതമാനം ബിജെപിയെ പിന്തുണച്ചതാണ് ഇവിടെ കോണ്‍ഗ്രസിനെ കെട്ടുകെട്ടിച്ചത്. വനിതാ വോട്ടുകളെ ലക്ഷ്യംവെച്ചുള്ള ബിജെപിയുടെ പ്രചാരണം സകല കണക്കുകൂട്ടലുകളെയും തെറ്റിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: