ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ തെളിയുന്നത് ചമ്പല്‍-ഗ്വാളിയോര്‍ മേഖലയിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീനം. മേഖലയിലെ 34 മണ്ഡലങ്ങളില്‍ ഇരുപതിലും ബിജെപി വിജയിച്ചു കഴിഞ്ഞു.
2018ല്‍ മേഖലയില്‍ 26 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതാണ്. എന്നാല്‍ കമല്‍നാഥുമായി വഴക്കിട്ട് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിടുമ്പോള്‍ ഒപ്പം വന്ന 22 എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷത്തെയും 2020ലെ ഉപതെരഞ്ഞെടുപ്പിലും 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നിര്‍ത്തി ബിജെപി ടിക്കറ്റില്‍ വിജയിപ്പിക്കാനും സിന്ധ്യക്കായി.
ഗ്വാളിയോറില്‍ പ്രദ്യുമ്നന് സിങ് തോമര്‍ ബിജെപി ടിക്കറ്റില്‍ 19,140 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഗ്വാളിയോര്‍ സൗത്തില്‍ ബിജെപിയുടെ നാരായണ്‍സിങ് കുശ്വാഹയും വിജയിച്ചു. ദിമാനിയില്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ കാല്‍ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന ഗ്വാളിയോര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 58 വര്‍ഷത്തിനിടെ ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. എന്നാല്‍ ഗ്വാളിയോര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപി ഇത്തവണ സ്വാധീനം തിരിച്ചുപിടിച്ചു. കേന്ദ്രവ്യോമയാന മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും മാസങ്ങളായി ഗ്വാളിയോര്‍ കേന്ദ്രീകരിച്ച് പ്രചാരണ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: