ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെയും ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ജനക്ഷേമ – വികസനപ്രവര്‍ത്തനങ്ങളാണ് മധ്യപ്രദേശില്‍ ബിജെപിയുടെ വന്‍വിജയത്തിലേക്ക് നയിച്ചത്. അതിന് വഴിയൊരുക്കിയതാകട്ടെ താഴെത്തട്ടുവരെയെത്തുന്ന സംഘടനാശക്തിയും. ഗുജറാത്തിനു ശേഷം ബിജെപിയുടെ മറ്റൊരു ഉരുക്കുകോട്ടയായി മധ്യപ്രദേശ് മാറിയെന്നതാണ് ഈ ചരിത്രവിജയം കാണിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമെന്നത് കോണ്‍ഗ്രസിന്റെ വെറും പ്രചാരണം മാത്രമാണെന്ന് വീണ്ടും തെളിഞ്ഞു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം 15 മാസത്തെ ഇടവേള മാത്രമാണ് ഇതിനിടക്ക് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണത്തിലിരുന്നത്. കമല്നാ
ഥ് സര്‍ക്കാരിന്റെ രാജിയോടെ വീണ്ടും ബിജെപി അധികാരത്തിലെത്തി.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മന്ത്രിമാര്‍ക്കും പുറമെ കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, ഫഗ്ഗന്‍ സിങ് കുലസ്തെ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ എന്നിവരും സംസ്ഥാനത്ത് നിന്ന് ജനവിധി തേടിയതോടെ ബിജെപി കേന്ദ്രങ്ങളില്‍ ആവേശത്തിന്റെ കൊടുങ്കാറ്റായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവര്‍ പങ്കെടുത്ത റോഡ്ഷോകളിലും റാലികളിലും ആയിരകണക്കിനാളുകളാണ് ഒഴുകിയെത്തിയത്. എക്സിറ്റ് പോളുകള്‍ പോലും പ്രവചിക്കാത്ത വിജയത്തിലേക്കാണ് സംസ്ഥാനത്ത് പാര്‍ട്ടി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ബുധ്നി മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലധികം (1,04,974) വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശിവരാജ് സിങ് ചൗഹാന് 1,64,951 വോട്ടുകള്‍ നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ വിക്രം മസ്തലിന് 59,977 വോട്ടുകളാണ് ലഭിച്ചത്.
മധ്യപ്രദേശില്‍ ഭരണപക്ഷ അനുകൂല തരംഗമാണുണ്ടായതെന്നും ഉറപ്പുകള്‍ നിറവേറ്റുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രതികരിച്ചു. മധ്യപ്രദേശില്‍ ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടില്ല. മധ്യപ്രദേശിലെ ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് മധ്യപ്രദേശ് നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുമുള്ള സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ പരാജയം കോണ്‍ഗ്രസിനെ വലുതായി തന്നെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: