ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ബിജെപിയെ മുന്‍ ദേശീയ ക്രിക്കറ്റ് താരം വെങ്കടേഷ് പ്രസാദ് അനുമോദിച്ചു. സനാതന ധര്‍മത്തെ അവഹേളിച്ചതിനുള്ള ഗുരുതര തിരിച്ചടി എന്നാണ് വെങ്കടേഷ് പ്രസാദ് എക്സില്‍ കുറിച്ചത്. ബിജെപിക്ക് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നേതൃത്വം ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
മോദിയുടെ വിജയം: വസുന്ധര രാജെ
ജയ്പൂര്‍: സബ്കാ സാഥ്, സബ് കാ വികാസ്, സബ്കാ പ്രയാസ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രത്തിന്റെ വിജയമാണ് രാജസ്ഥാനില്‍ കണ്ടതെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ. പ്രധാനമന്ത്രി നല്കിയ ഉറപ്പിന്റെ വിജയമാണ്. അമിത്ഷായുടെ തന്ത്രത്തിന്റെ വിജയമാണ്, നദ്ദയുടെ നേതൃത്വത്തിന്റെ വിജയമാണ്. സര്‍വ്വോപരി പ്രധാനമന്ത്രിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ്. കോണ്‍ഗ്രസ് ദുഷ്ഭരണത്തെ തൂത്തെറിഞ്ഞ രാജസ്ഥാന് ജനതയുടെ വിജയമാണ്. രാജത്തെ സേവിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഒരവസരം കൂടി നല്‍കാനുള്ള വിജയമാണിത്. അവര്‍ പറഞ്ഞു.
ലാഡ്ലി ബെഹ്നയുടെയും മോദിയുടെയും വിജയം
ഭോപ്പാല്‍: വോട്ടെണ്ണലിന്റെ തലേന്ന് മാധ്യമപ്രതിനിധികള്‍ ശിവ്രാജ് സിങ് ചൗഹാനോടു ചോദിച്ചു, ടൈറ്റ് ഫൈറ്റാണല്ലേ? ചൗഹാന്റെ മറുപടി ഇങ്ങനെ, എന്ത് ടൈറ്റ് ഫൈറ്റ്, എന്റെ അമ്മമാരും സഹോദരിമാരും ബിജെപിക്ക് വന്‍ വിജയം നല്‍കും.
ലാഡ്ലി ബെഹ്ന അടക്കം സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ വിജയമെന്ന് ഫലം വന്നതിനു ശേഷം ചൗഹാന് പ്രതികരിച്ചു. ലാഡ്ലി ബെഹ്ന യോജന പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥമാര്‍ക്ക് അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിന് 1250 കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ഇലക്ഷന് തട്ടിപ്പ് എന്നാണ് കോണ്‍ഗ്രസ് അന്നതിനെ വിശേഷിപ്പിച്ചത്. പക്ഷേ അമ്മമാരും സഹോദരിമാരും ആ പദ്ധതിയെ എങ്ങനെയാണ് കണ്ടതെന്ന് ഇപ്പോള്‍ മനസിലായില്ലേ? ചൗഹാന് ചോദിച്ചു.
ഇത് മോദിയുടെ വിജയം കൂടിയാണെന്നു പറഞ്ഞു, ചൗഹാന്. എംപി കെ മന് മേം മോദി, മോദി കെ മന് മേം എംപി (മധ്യപ്രദേശിന്റെ മനസില്‍ മോദി, മോദിയുടെ മനസില്‍ മധ്യപ്രദേശ്) എന്ന മുദ്രാവാക്യമാണ് പ്രചരണഘട്ടത്തിലുടനീളം ബിജെപി ഉയര്‍ത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ച് ക്ഷേമപദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്ന ഡബിള്‍ എന്ജിന് സര്‍ക്കാര്‍ എന്ന ആശയത്തിന്റെ വിജയം കൂടിയാണിതെന്നും ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: