ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഡ് ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഉടൻ റിസോർട്ടുകളിലേക്ക് മാറ്റുമെന്ന് സൂചന. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും സംഘവും തെലങ്കാനയിലേക്ക് തിരിച്ചിട്ടുണ്ട്. ഓരോ എംഎൽഎമാർക്കും ശക്തമായ സുരക്ഷയാകും ഒരുക്കുക എന്നാണ് സൂചന.
കോൺഗ്രസ് പ്രവർത്തകരെ ഇവർക്ക് കാവൽ നിർത്തും. സർക്കാർ രൂപീകരണത്തിലേക്ക് കാര്യങ്ങൾ എത്തുന്നതുവരെ സുരക്ഷ തുടരും എന്നാണ് വിവരം. അവസാന ഫലസൂചകങ്ങൾ പുറത്തുവരുമ്പോൾ 65 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നിലനിർത്തുന്നത്. തെലങ്കാനയിൽ ഇക്കുറി കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. അപ്പോൾ മുതൽ തന്നെ സ്ഥാനാർത്ഥികളെ ‘സുരക്ഷിതരാ’ക്കുന്നതിനുള്ള നീക്കങ്ങൾ നേതൃത്വം ആരംഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ശിവകുമാർ തെലങ്കാനയിലേക്ക് തിരിച്ച്ത്. അദ്ദേഹത്തിനൊപ്പം 10 മന്ത്രിമാരും തെലങ്കാനയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം. ചിലർ സ്ഥാനാർത്ഥികളുമായി അടുപ്പത്തിന് ശ്രമിച്ചിരുന്നു. എന്നാൽ അപ്പോൾ തന്നെ ഇതിനെ ശക്തമായി പ്രതിരോധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: