തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കുതട്ടിപ്പില്‍ സിപിഎം സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കു പുറമേ പ്രാദേശിക ഘടകങ്ങളും പ്രതികളില്‍ നിന്നു കമ്മിഷന്‍ കൈപ്പറ്റിയെന്ന് ഇ ഡി. പ്രാദേശികമായ രണ്ടു ലോക്കല്‍ കമ്മിറ്റി അക്കൗണ്ടുകള്‍ വഴി വന്‍തുകകളുടെ ഇടപാടു നടന്നു. വ്യാജ വായ്പകളുടെ കമ്മിഷന്‍ തുകയും അക്കൗണ്ടിലെത്തി. ക്രമക്കേടു പുറത്തായതിനു പിന്നാലെ അക്കൗണ്ടുകളില്‍ നിന്ന് 90 ശതമാനവും പിന്‍വലിച്ചു.
അക്കൗണ്ടുകളിലെ ജില്ലാക്കമ്മിറ്റിയുടെ പണമിടപാടു കാര്യങ്ങള്‍ കൈമാറിയിട്ടില്ല. കണക്കു കൊടുക്കാതെ ഒഴിഞ്ഞുമാറിയ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, അക്കൗണ്ടു വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് പറഞ്ഞത്.
ഇ ഡിയുടെ പല ചോദ്യങ്ങള്‍ക്കും വര്‍ഗീസിന് ഉത്തരമില്ലായിരുന്നു. മൊഴികള്‍ അപൂര്‍ണമായതിനാല്‍ വര്‍ഗീസിനോട് ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചു.
തൃശ്ശൂരില്‍ നവ കേരള സദസുള്ളതിനാല്‍ ചൊവ്വാഴ്ച ഹാജരാകാന്‍ ബുദ്ധിമുട്ട് അറിയിച്ചെങ്കിലും ഇ ഡി അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: