സില്‍ഹട്ട്: ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്സില്‍ ഏഴ് റണ്‍സിന്റെ നേരീയ ലീഡ് സ്വന്തമാക്കിയ ന്യൂസിലന്‍ഡിനെതിരെ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്സില്‍ ലീഡ് 200 കടത്തി.
സ്കോര്‍: ബംഗ്ലാദേശ്- 310, 212/3(68), ന്യൂസിലന്‍ഡ്- 317
നായകന് നജ്മുല്‍ ഹൊസെയന്‍ ഷാന്റോയുടെ സെഞ്ചുറിയാണ് ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നലത്തെ ഹൈലൈറ്റ്. 193 പന്തുകള്‍ നേരിട്ട് 104 റണ്‍സ് നേടിയ ഷാന്റോ പുറത്താകാതെ നില്‍ക്കുന്നുണ്ട്. താരത്തിനൊപ്പം മോമിനുല്‍ ഹക്ക്(40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ മുഷ്ഫിഖുര്‍ റഹീമിനെ(പുറത്താകാതെ 43) കൂട്ടുപിടിച്ച് ഷാന്റോ ബംഗ്ലാ ടോട്ടല്‍ 212ലെത്തിച്ചു. പിരിയാത്തഇരുവരും ചേര്‍ന്ന് ഇതുവരെ 96 റണ്‍സാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നിലയുറപ്പിക്കും മുമ്പേ ഓപ്പണര്‍ സക്കീര്‍ ഹസനെ കിവീസ് ബോളര്‍ അജാസ് പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് ടോപ് സ്കോററായ മഹ്മദുല്‍ ഹസന് ജോയ് ഇന്നലെ നേരത്തെ പുറത്തായി. റണ്ണൗട്ടാകുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വന്ന മോമിനുല്‍ ഹഖും റണ്ണൗട്ടിലൂടെയാണ് പുറത്തായത്.
ഇന്നലെ രാവിലെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സുമായി ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസിലന്‍ഡിന് 51 റണ്‍സ് കൂടി നേടിയാണ് പുറത്തായത്. തലേന്ന് ഒന്നിച്ച കൈല്‍ ജാമീസണും ടിം സൗത്തിയും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 52 റണ്‍സെടുത്തു. 70 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് ജാമീസണ് പുറത്തായി ഉടനെ തന്നെ ടിം സൗത്തിയും(62 പന്തില്‍ 35) മോമിനുല്‍ ഹക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. ഇതോടെ കിവീസ് ആദ്യ ഇന്നിങ്സ് സമാപിച്ചു. രണ്ടാം ദിനം തൈജുല്‍ ഇസ്ലാം ബംഗ്ലാദേശിനായി കരുത്തുകാട്ടിയെങ്കില്‍ മൂന്നാം ദിവസമായ ഇന്നലെ ശേഷിച്ച രണ്ട് കിവീസ് ബാറ്റര്‍മാരെയും പുറത്താക്കിയത് മോമിനുല്‍ ഹഖ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: