കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് കോവൂരായിരുന്നു താമസം. കെ. കരുണാകരന് മന്ത്രിസഭയില്‍ കൃഷി, മൃഗ സംരക്ഷണവകുപ്പ് മന്ത്രിയായിരുന്ന സിറിയക് ജോണ്‍ മൂന്ന് വര്‍ഷത്തോളം എന്‍സിപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാല മരങ്ങാട്ടുപള്ളിക്കടുത്ത് കടപ്ഌമറ്റം ജോണിന്റെയും മറിയമ്മയുടെയും മകനായി 1933 ജൂണ്‍ 11ന് ജനിച്ചു. എസ്എസ്എല്‍സി വരെയുള്ള പഠനത്തിനുശേഷം കുടുംബം കട്ടിപ്പാറയിലേക്ക് കുടിയേറിയപ്പോള്‍ അച്ഛനോടൊപ്പം കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. പ്രദേശത്തെ പിന്നാക്കാവസ്ഥ ഉയര്‍ത്തിക്കാട്ടി പൊതുകാര്യവിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതിനുപിന്നാലെ കോണ്‍ഗ്രസിന്റെ താമരശ്ശേരി മണ്ഡലം പ്രസിഡന്റായി. പിന്നീട് കെപിസിസി അംഗം, കെപിസിസി നിര്‍വ്വാഹകസമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. എന്‍.പി. അബു സാഹിബ് സ്മാരക പുരസ്കാരം, മുഹമ്മദ്അബ്ദുറഹ്മാന്‍ സ്മാരക പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: കണ്ണോത്ത് വരിക്കമാക്കല്‍ അന്നക്കുട്ടി. മക്കള്‍: പി.സി. ബാബു (ബിസിനസ്, മംഗളൂരു), പി.സി. ബീന, പി.സി. മിനി, മനോജ് സിറിയക്ക് (കട്ടിപ്പാറ), വിനോദ് സിറിയക്ക് (ആര്‍ക്കിടെക്റ്റ്, കോഴിക്കോട്). മരുമക്കള്‍: സിന്‍സി ബാബു, ജോയി തോമസ് (റിട്ട. പിബ്ല്യുഡി സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍), ജോസ് മേല്‍വട്ടം (പ്ലാന്റര്‍, പുതുപ്പാടി), അനിത (ആര്‍ക്കിടെക്റ്റ്). സഹോദരങ്ങള്‍: പി.ജെ. മാത്യു, ഏലിക്കുട്ടി മാത്യു, മേരി.
ഇന്ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്കാരം വൈകിട്ട് അഞ്ചിന് കട്ടിപ്പാറ തിരുഹൃദയ ദേവാലയം സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: