ശബരിമല: ഏലയ്ക്കയുമില്ല ജീരകവുമില്ലാതെ ആയതോടെ ശബരിമലയിലെ പ്രസാദ നിര്‍മാണം പ്രതിസന്ധിയിലേക്ക്. ജീരകം മുമ്പ് ഉണ്ടായിരുന്ന സ്റ്റോക്കും അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. അയ്യപ്പസ്വാമിയുടെ ഇഷ്ട വഴിപാടായ അരവണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളായ ഏലക്കയ്ക്ക് പിന്നാലെ ജീരകത്തിലും കീട നാശിനി സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് പ്രസാദ ഉത്പാദനം പ്രതിസന്ധിയിലേക്ക് എത്തുന്നത്.
പമ്പയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ജീരക പരിശോധനയിലാണ് കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അടിയന്തിരമായി കരാര്‍ റദ്ദാക്കി പഴയ കമ്പനിയ്ക്ക് തന്നെ നല്‍കിയെങ്കിലും ഇത് സന്നിധാനത്ത് എത്താന്‍ ദിവസങ്ങളെടുക്കും. എല്ലാ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ക്കും ശേഷമായിരിക്കും ജീരകം സന്നിധാനത്ത് എത്തിക്കുന്നത്. നിലവില്‍ ശുദ്ധമായ ജീരകം കരുതല്‍ ശേഖരത്തില്‍ ഉണ്ടെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പുതിയ സ്റ്റോക്ക് എത്താന്‍ വൈകിയാല്‍ പ്രതിസന്ധി നേരിടും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് അരവണ പ്രസാദ വിതരണത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയത് ഏലയ്ക്കയാണ്.
ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ അരവണ നിര്‍മാണം തന്നെ ഹൈക്കോടതി ഇടപെട്ട് നിര്‍ത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അരവണയില്‍ ഏലയ്ക്ക ഉപയോഗിക്കുന്നില്ല. ഏലയ്ക്ക ഇല്ലാത്ത അരവണ പായസമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ജീരകം സംബന്ധിച്ച വിദഗ്ദ്ധ പരിശോധയില്‍ കീടനാശിനി സാന്നിദ്ധ്യം ഉറപ്പിച്ചാല്‍ ഇതും പ്രസാദങ്ങളില്‍ നിന്നും ഇത്തവണ പടിയിറങ്ങും.
ഒരു കൂട്ട് അരവണയില്‍ മുക്കാല്‍ കിലോ ഏലയ്ക്കയും സമാനമായി ജീരകവും ഉപയോഗിക്കും. ഇരുനൂറ് കൂട്ട് അരവണാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയെതിനെ തുടര്‍ന്ന് ആറര ലക്ഷത്തോളം ടിന് അരവണ വിതണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഏലയ്ക്ക ഇല്ലാത്ത അരവണ ഉല്പാദനം തുടങ്ങിയത്. ഏലയ്ക്ക ഒഴിവാക്കിയെങ്കിലും അരണവയുടെ വില കുറയ്ക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: