കൊച്ചി: രാജ്യത്തിന്റെ കണ്ടെയ്നര്‍ ചരിത്രത്തിന് ഇന്നലെ അരനൂറ്റാണ്ട് തികഞ്ഞു. 1973 നവംബര്‍ 27നാണ് പ്രസിഡന്റ് ടെയ്ലര് എന്ന ആദ്യ കണ്ടെയ്നര്‍ കപ്പല്‍ കൊച്ചി തീരത്ത് എത്തിയത്. ചരക്ക് നീക്കത്തില്‍ വിപ്ലവകരമായ മാറ്റമാണ് കണ്ടെയ്നറുകളുടെ വരവോടെ ഉണ്ടായത്. ആദ്യ കണ്ടെയ്നര്‍ കപ്പല്‍ തീരത്ത് എത്തിയപ്പോള്‍ തൊഴിലാളികള്‍ ശക്തമായി എതിര്‍ത്തിരുന്നു. തൊഴില്‍ നഷ്ടമാകുമെന്നതായിരുന്നു തൊഴിലാളി യൂണിയനുകളുടെ വാദം.
എ.കെ.കെ. നമ്പ്യാരായിരുന്നു അക്കാലത്തെ പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന്. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പിനെ മറികടന്നാണ് അദ്ദേഹം കണ്ടെയ്നര്‍ നീക്കം സുഗമമാക്കിയത്. പിന്നീട് 1994ല്‍ കണ്ടെയ്നറുകള്‍ക്കു മാത്രമായി രാജീവ് ഗാന്ധി ടെര്‍മിനല്‍ പോര്‍ട്ടില്‍ സ്ഥാപിച്ചതിന് പുറകെ പുതിയ ക്രെയിനുകളും സ്ഥാപിച്ചു. ഇറ്റലിയില്‍ നിന്നാണ് കണ്ടെയ്നറുകള്‍ നീക്കാനുളള ക്രെയിനുകള്‍ കൊണ്ടുവന്നത്. ടെര്‍മിനലിന്റെ അടുത്ത് തന്നെ നേവിയുടെ വിമാനത്താവളം ഉള്ളതിനാല്‍ ഉയരത്തിലുള്ള ക്രെയിനുകള്‍ സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനായി ഉയരം കുറഞ്ഞ ക്രെയിനുകളാണ് ഇവിടെ ഉപയോഗിച്ചിരുന്നത്.
പിന്നീട് 2011 ല്‍ വല്ലാര്‍പാടത്ത് പ്രത്യേക ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ പൂര്‍ത്തിയായപ്പോള്‍ അവിടേക്ക് കണ്ടെയ്നര്‍ നീക്കം മാറ്റി. ആദ്യം കണ്ടെയ്നര്‍ വന്ന ബെര്‍ത്തിലെ പഴയ ക്രെയിനുകളെല്ലാം നീക്കി. ഇപ്പോള്‍ അതിന്റെ ബാക്കിപത്രങ്ങളൊന്നും അവശേഷിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: