മാനവിക മൂല്യങ്ങളുടെ വെണ്മുത്തുകള് അക്ഷര നൂലില്‍ കോര്‍ത്തെടുത്ത പ്രകാശഹാരമാണ് ഡോ. കായംകുളം യൂനുസ് രചിച്ച ‘സുഭാഷിതങ്ങള്‍’ എന്ന ഗ്രന്ഥം. സമൂഹത്തിന്റെയും താന്‍ ജീവിക്കുന്ന കാലത്തിന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിനെയും നന്മയെയും അഗാധമായി കാംക്ഷിക്കുന്ന ഒരു എഴുത്തുകാരന്റെ, ഒരു മനുഷ്യന്റെ സ്നേഹ വെളിപാടുകളുടെ ഹൃദയരേഖയാണിത്. ഓരോ താളും മറിക്കുമ്പോള്‍ വെളിച്ചത്തിന്റെ ഓരോരോ വാതിലുകള്‍ തുറന്നുവരുന്നു.
ജീവിതം ഒരു കലയാണ്. മൂല്യങ്ങളാണ് അതിന്റെ അച്ചുതണ്ട്. എല്ലാവരും ജീവിച്ചു പോകുന്നുണ്ട്. പക്ഷേ മനോഹരമായി ജീവിക്കേണ്ടതിന് സ്വയം ചില പരിശീലനങ്ങള്‍ ആവശ്യമാണ്. അവനവന്റെ ഇരുണ്ട മുറികളിലും മുറിവുകളിലും ഒളിച്ചിരുന്ന് വാതില്‍പ്പഴുതിലൂടെ ലോകത്തെ നോക്കിക്കാണുന്ന പുതുലോകത്തിന്, നഷ്ടപ്പെട്ടുപോയ വെളിച്ചപ്പൊട്ടുകളെ കണ്ടെത്താന്‍ ‘സുഭാഷിതങ്ങള്‍’ സഹായിക്കുന്നു. അതിനാല്‍ ഇത് വീണ്ടെടുപ്പിന്റെ പുസ്തകമാണ്!
സത്ത നഷ്ടപ്പെട്ട് ഒരു വെറുംപദമായി മാറിയിരിക്കുന്നു ഇന്ന് സ്നേഹം. വാക്കുകള്‍ക്ക് പോലും ജീവന്റെ ചിറകുകളെ വച്ചുപിടിപ്പിക്കേണ്ടതുണ്ട്. വേനല്‍ക്കാലവും മഴക്കാലവും കടന്ന് ഋതുക്കള്‍ പോലും മരവിച്ച് നിശ്ചലമായിപ്പോയ കോവിഡ് കാലത്തിലൂടെയും ലോകം കടന്നുപോയി. എന്നിട്ടും ജീവിതത്തിന്റെ നിസ്സാരത മനുഷ്യര്‍ ഉള്‍ക്കൊണ്ടില്ല. സ്വാര്‍ത്ഥതയും നശീകരണ വാസനയും മനുഷ്യര്‍ക്കിടയില്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചു. തന്റെ സമൂഹത്തെ നൂറു നൂറു ഖണ്ഡങ്ങളായി വിഭജിക്കുന്ന ഒരേയൊരു ജീവി മനുഷ്യന് മാത്രമാണ്.
ആപത്കരവും നശീകരണോന്മുഖവുമായ ചിന്തകള്‍ രോഗമെന്നപോലെ സമൂഹത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ സുഭാഷിതങ്ങള്‍ അതിനുള്ള പ്രതിവിധിയുടെ രൂപമെടുക്കുന്നു. അതിനാല്‍ ഇത് ഓര്‍മപ്പെടുത്തലുകളുടെ പുസ്തകമാണ്.
എല്ലാ മനുഷ്യരുടെയും ഹൃദയത്തിനുള്ളില്‍ സ്നേഹത്തിന്റെ വലിയൊരു ഉറവയുണ്ട്. അതിനെ ഇടയ്ക്കിടെ നാമോരുത്തും ഉദ്ദീപിപ്പിച്ചു വിടുകയും വിരുദ്ധമായ ദുഃസ്വഭാവങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്താല്‍ പൊതു സമൂഹത്തില്‍ ഊഷ്മളമായ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുകതന്നെ ചെയ്യുമെന്ന് എഴുത്തുകാരന് ഓര്‍മപ്പെടുത്തുന്നു.
മനുഷ്യര്‍ ഇപ്പോള്‍ മാനുഷിക ഗുണങ്ങളില്‍ നിന്ന് പിന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. ആകാശത്തിന്റെ വാതിലുകള്‍ വിശാലമായി തുറക്കപ്പെടുമ്പോള്‍ ഹൃദയാകാശം ഇരുളടഞ്ഞു കാണപ്പെടുന്നു. ഉള്‍വെളിച്ചം എന്നത് വിശ്വാകാശം പോലെ ഉജ്വലമായ ഒന്നാണ്. സ്നേഹം, സാഹോദര്യം, സഹവര്‍ത്തിത്വം കരുണ, സഹാനുഭൂതി തുടങ്ങിയുള്ള അനേകം മൂല്യങ്ങള്‍ ഉള്‍ത്താരില്‍ വെളിച്ചം വിതറുന്ന നക്ഷത്രങ്ങളാണ്. സുഭാഷിതങ്ങളില്‍ അത്തരത്തിലുള്ള അനേകം നക്ഷത്ര ചിന്തകളെ പതിച്ചു വച്ചിട്ടുണ്ട്. അതിനാല്‍ ഇത് വെളിച്ചത്തിന്റെ പുസ്തകമാണ്!
ആകാശവാണി പ്രക്ഷേപണം ചെയ്ത് ശ്രോതാക്കളുടെ പ്രശംസയേറ്റു വാങ്ങിയ ഈ സുഭാഷിതങ്ങള്‍ പുസ്തകരൂപത്തില്‍ വരുമ്പോള്‍ വായനക്കാരനു മുന്നില്‍ പുതിയൊരു പാത വെട്ടിത്തുറക്കുന്നു. എങ്ങനെയാണ് ജീവിതത്തെ ഉദ്യാനമാക്കേണ്ടതെന്ന തിരിച്ചറിവുകള്‍ സ്പര്‍ശിക്കുന്നു.
വളരെ ചെറിയൊരു കാലയളവാണ് മനുഷ്യന് ഭൂവാസത്തിന് ലഭിക്കുന്നത്. അക്കാലം കരുതലോടെ ജീവിക്കുകയും നന്മയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. സമയം എന്നത് അമൂല്യ വസ്തുവാണ്. ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിന് കഠിനമായ പരിശ്രമം അത്യന്താപേക്ഷിതമാണ്. ഒരോ മനുഷ്യനും വ്യത്യസ്തനും വിവിധങ്ങളായ കഴിവുകളോടും കൂടിയാണ് പിറക്കുന്നത്. ചിന്താശേഷിക്കൊപ്പം പ്രയത്നശേഷിയും വര്‍ദ്ധിപ്പിക്കേണ്ടതാണ്. ആരും സമൂഹത്തില്‍ നിന്നു മാറ്റി നിര്‍ത്തേണ്ടവരല്ല, തുടങ്ങിയ ചിന്തകള്‍ എഴുത്തുകാരന് നല്‍കുന്നുണ്ട്. അതിനാല്‍ ഇത് പ്രചോദനത്തിന്റെ പുസ്തകമാണ്!
എല്ലാ ജനസമൂഹങ്ങള്‍ക്കും ഒത്തുചേര്‍ന്നു പോകുവാനുള്ള പുതിയൊരു നവോത്ഥാനകാഹളമാണ് ഇനി കേരള മണ്ണില്‍ മുഴങ്ങിക്കേള്ക്കേണ്ടതെന്ന് സുഭാഷിതകാരന് ഓര്‍മപ്പെടുത്തുന്നു. നമ്മുടെ നവോത്ഥാന നായകന്മാരുടെ ആര്‍ജവവും അവരുടെ പരിശ്രമവുമാണ് ആധുനിക കേരളത്തിന്റെ നിര്‍മിതിക്കു കാരണം. വീണ്ടും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടിരിക്കണമെന്നും, നവോത്ഥാനം എന്നത് ഒരു തുടര്‍പ്രക്രിയയാണെന്നും അതു നിന്നുപോയാല്‍ സമൂഹം പിന്നെയും വ്യത്യസ്ത അറകളില്‍ തന്നെ ആയിപ്പോകുമെന്നും താന്‍ ജീവിക്കുന്ന കാലത്തെ നോക്കി എഴുത്തുകാരന് ആശങ്കപ്പെടുന്നു. അതിനാല്‍ അവനവന് മുഖം നോക്കാനുള്ള കണ്ണാടിയാണ് ഈ പുസ്തകം!
താന്‍ ജീവിക്കുന്ന കാലവും മണ്ണും ജലവും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ഒട്ടേറെ കുറിപ്പുകള്‍ ഈ കൃതിയിലുണ്ട്. വരും തലമുറകള്‍ക്ക് ജീവിക്കാനുതകുന്ന ഗ്രഹമായി ഭൂമിയെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. ആന്തരിക പരിസ്ഥിതിയെ മെച്ചപ്പെടുത്തുന്നതുപോലെ പ്രധാനം തന്നെയാണ് ഭൗമപാരിസ്ഥിതിക പരിചരണവും എന്ന് ഇതില്‍ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ ഇത് പരിസ്ഥിതി ചിന്തയുടെ പുസ്തകമാണ് !
അതോടൊപ്പം ലോകം നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രതിസന്ധിയാണ് മയക്കുമരുന്നിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വര്‍ദ്ധിച്ച ഉപയോഗം. ഇത് കേവലം വ്യക്തിപരമായ പ്രതിസന്ധിയല്ല, മറിച്ച് കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനു തന്നെയും കേടുവരുത്തുന്ന ഒന്നായി മാറിയിരിക്കുന്നു. ഈ വന്‍ ദുരന്തത്തെ ഒഴിവാക്കിയാലേ ഉത്പാദന രംഗത്തും സാമൂഹിക രംഗത്തും വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കാലാനുസാരിയായ പ്രശ്നങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് എഴുത്തുകാരന് പറയുന്നു. അതിനാല്‍ ഇത് നേര്‍ക്കാഴ്ചകളുടെ പുസ്തകമാണ്!
നമുക്ക് വസിക്കാന്‍ കൂടുതല്‍ നല്ല ഒരു ലോകം സൃഷ്ടിക്കണമെങ്കില്‍ ഓരോരുത്തരും ഹൃദയ വിശുദ്ധി കൈവരിക്കേണ്ടതുണ്ട്. ചുറ്റുപാടുമുള്ള സൃഷ്ടികളെ സഹാനുഭൂതിയോടെ വീക്ഷിക്കണം. എങ്കില്‍ മാത്രമേ മാനവകുലത്തിന് അഭിമാനകരമായ ജീവിതവുമായി മുന്നോട്ടു പോകാനാവൂ എന്ന ചിന്ത പങ്കു വയ്ക്കുന്നതിനൊപ്പം സമൂഹത്തിലെ ചില നന്മകളെക്കുറിച്ചും ഡോ.യൂനുസ് ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: