കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ ചെക്കു തട്ടിപ്പ് കേസില്‍ പ്രതികരിക്കാന്‍ തയാറാവാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. 63 ലക്ഷം രൂപയുടെ ചെക്കു കേസ് സംബന്ധിച്ച പരാതി തന്റെ മുന്നിലെത്തിയിട്ടില്ലെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട്ടെ നക്ഷത്ര ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വെള്ളിയാഴ്‌ച്ച വടകരയിലെ നവകേരള സദസിലാണ് അഹമ്മദ് ദേവര്‍ കോവിലിനെതിരായ പരാതി മുട്ടുങ്ങല്‍ സ്വദേശി എ.കെ. യൂസഫ് മുഖ്യമന്ത്രിക്ക് നല്കിയത്. മുഖ്യമന്ത്രിക്ക് ഇ മെയില്‍ വഴി നേരത്തെ പരാതി നല്കിയിരുന്നുവെന്നും എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്കുന്നതെന്നാണ് യൂസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അഹമ്മദ് ദേവര്‍കോവില്‍ 63 ലക്ഷം രൂപ നല്കണമെന്ന കോടതി വിധി നടപ്പായി കിട്ടാന്‍ സഹായിക്കണമെന്നാണ് പരാതിയില്‍. കോടതി വിധി പ്രകാരം പണം നല്കാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ പരാതിയെ കുറിച്ചാണ് ‘അത് തന്റെ മുന്നിലെത്തിയിട്ടില്ലെന്നും പക്ഷേ, മാധ്യമങ്ങളില്‍ ഇക്കാര്യം കണ്ടുവെന്നും’ മുഖ്യമന്ത്രി പറഞ്ഞത്.
കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ തടസം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി 14.5 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 95 കോടി രൂപ അതിനായി വിനിയോഗിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഭൂമി കൈമാറി. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് ഒന്നും ചെയ്തില്ല.
നവകേരള സദസിന് ഫണ്ട് അനുവദിക്കാനാവശ്യപ്പെട്ട് പറവൂര്‍ നഗരസഭാ സെക്രട്ടറിയെ വകുപ്പുമന്ത്രി ഭീഷണിപ്പെടുത്തിയിട്ടില്ല. ജസ്റ്റിസ് എം. ഫാത്തിമ ബീവിയോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചുവെന്ന ആരോപണവും ശരിയല്ല. മന്ത്രിമാര്‍ നവകേരള സദസില്‍ ആയിരുന്നതിനാലാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 13 മന്ത്രിമാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: