ജയ്പൂര്: രാജസ്ഥാനില് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടടുപ്പ് ചില അനിഷ്ട സംഭവങ്ങളൊഴിച്ചാല് സമാധാനപരമായി പൂര്ത്തിയായി. ആകെയുള്ള 200 സീറ്റുകളില് 199 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. അന്തിമ കണക്കുകള് വരാനിരിക്കുന്നതേയുള്ളൂവെങ്കിലും വൈകിട്ട് ആറ് മണി വരെ ഏകദേശം 74 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്ട്ട്.
വൈകിട്ട് ആറ് മണിക്ക് പോളിംഗ് ബൂത്തില് വരി നിന്ന വോട്ടര്മാരെ സമയം കഴിഞ്ഞും വോട്ട് ചെയ്യാന് അനുവദിച്ചു. ജയ്സാല്മീറിലെ പൊഖ്റാനില് 81 ശതമാനത്തിലധികം വോട്ടുകളും അല്വാര് ജില്ലയിലെ തിജാരയില് 80 ശതമാനത്തിലധികം വോട്ടുകളും പോള് ചെയ്തു. ഏറ്റവും കുറഞ്ഞ57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് മാര്വാര് ജംഗ്ഷനിലാണ്.
രാവിലെ മുതല് വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെ വലിയ ആവേശമാണ് വോട്ടര്മാര്ക്കിടയില് കണ്ടത്. ദുംഗര്പൂരിലെ അസ്പൂര് അസംബ്ലി സീറ്റിലെ ദമാദി ബൂത്തില് 103 വയസുള്ള ഒരു സ്ത്രീ വോട്ട് രേഖപ്പെടുത്തി.അതേസമയം 101 വയസുള്ള മറ്റൊരു വയോധിക ചിത്തോര്ഗഡിലെ ബിഗണ് അസംബ്ലി മണ്ഡലത്തിലെ 162ാം ബൂത്തില് തന്റെ വോട്ട് രേഖപ്പെടുത്തി.
സിക്കാറിലെ ഫത്തേപൂര്, ചുരിലെ താരാനഗര്, ധോല്പൂരിലെ ബാരി എന്നിവയുള്പ്പെടെ ചില സ്ഥലങ്ങളില് സംഘര്ഷവും കല്ലേറും ഉണ്ടായതായി റിപ്പോര്ട്ടുകളുണ്ട്. വോട്ടിംഗ് പ്രക്രിയ മനഃപൂര്വ്വം മന്ദഗതിയിലാക്കിയതിന് ഭരണകൂടത്തിനെതിരെ ബി ജെ പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്ക്ക് പരാതി നല്കി.
വോട്ടെടുപ്പ് അവസാനിച്ചതോടെ പോളിംഗ് സ്റ്റേഷനുകളില് നിന്ന് ഇവിഎം, വിവിപാറ്റ് മെഷീനുകള് ജില്ലകളിലെ വോട്ടെണ്ണല് കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് എത്തിക്കുന്ന ജോലിയും ആരംഭിച്ചു. ഡിസംബര് മൂന്നിനാണ് വോട്ടെണ്ണല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: