തൊടുപുഴ: പിഎസ്സി വഴി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് സിപിഐ നേതാക്കളുടെ പേരില്‍ പീരുമേട് പോലീസ് കേസെടുത്തു. സിപിഐ മുന്‍ പീരുമേട് മണ്ഡലം സെക്രട്ടറി ചന്ദ്രന്‍പിള്ള, വാഴൂര്‍ സോമന് എംഎല്‍എയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് ആര്. വിനോദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ 3,15,000 രൂപ തട്ടിയെന്നാണ് പരാതി. നേരത്തെ ഇരുവരേയും പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.
ഏലപ്പാറ മേലേപ്പറമ്പില്‍ സിന്ധുമോള്‍ക്ക് അധ്യാപക ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. 2017ലാണ് പരാതിക്കാധാരമായ സംഭവം. പിഎസ്സിയില് അധ്യാപക ജോലിയുടെ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സിന്ധു. ഇത് മെയിന്‍ ലിസ്റ്റിലേക്ക് മാറ്റി നല്‍കാമെന്ന് പറഞ്ഞാണ് ഇരുവരും രണ്ട് തവണയായി പണം തട്ടിയത്.
നേരത്തെ പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ പരിശോധന നടക്കുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് ചന്ദ്രന് പിള്ള, ആര്. വിനോദ് എന്നിവര്‍ കുറ്റം ചെയ്തതായി കണ്ടെത്തി ഇരുവരേയും പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് ഒഴിവാക്കി. കേസെടുത്തതായും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പീരുമേട് എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: