പെരുവനം എന്ന നാലക്ഷരം മലയാളിക്കുസമ്മാനിക്കുന്നത് മേളപ്പെരുക്കത്തിന്റെ പെരുമഴയാണ്. ആ സംഗീതാത്മകതയില്‍ മുങ്ങിനിവരാത്തവരുണ്ടാകില്ല. നാലുപതിറ്റാണ്ടിലേറെയായി മലയാളിയുള്ളിടത്തെല്ലാം മുഴങ്ങിക്കേള്‍ക്കുന്ന നാലിരട്ടിതന്നെയാണത്. ആ നാമം കേള്‍ക്കുമ്പോള്‍ പതിനെട്ടുവാദ്യങ്ങള്‍ക്കും മീതെയുള്ള ചെണ്ടയെ ഓര്‍ക്കുന്നവരാണ് ലോകമെമ്പാടുമുള്ള കലാസ്വാദകര്‍. മേളകലയുടെ താളവട്ടങ്ങള്‍ക്കു അരനൂറ്റാണ്ടിലേറെയായി സാധനയോടെയും സാക്ഷാത്ക്കാരത്തോടെയും സാക്ഷിയായ പെരുവനം കുട്ടന്‍മാരാര്‍ക്ക് എഴുപതിന്റെ നിറവ്. പത്തുനാഴിക നീളുന്ന ശുദ്ധപഞ്ചാരിയും രണ്ടുവ്യാഴവട്ടക്കാലം ഇലഞ്ഞിത്തറയെ ഇളക്കിമറിച്ച രൗദ്രപാണ്ടിയും പെരുവനപ്പെരുമയുടെ പൊന്‍തൂവലാണ്. ഏഴുപതിറ്റാണ്ടുമുമ്പ് വൃശ്ചികത്തിലെ തൃക്കേട്ടനാളില്‍ തൃശ്ശൂരിനടുത്ത് തൃക്കൂര്‍ മാരാത്ത് ഗൗരിമാരസ്യാരുടേയും പെരുവനം അപ്പുമാരാരുടേയും മകനായാണ് ശങ്കരനാരായണന്‍ എന്ന പെരുവനം കുട്ടന്‍ ജനിക്കുന്നത്.
കുട്ടിക്കാലത്ത് പെരുവനം, തായംകുളങ്ങര, ചേര്‍പ്പ് ക്ഷേത്രങ്ങളിലെ അടിയന്തിരം അച്ഛനില്‍ നിക്ഷിപ്തമായിരുന്നു. അതിനാല്‍ കുഞ്ഞുനാളില്‍ പെരുവനത്തപ്പനെ പള്ളിയുണര്‍ത്താനും തായംകുളങ്ങരയില്‍ ശിവേലിക്കുകൊട്ടാനും കുട്ടനായിരുന്നു നിയോഗം. അച്ഛന്റെ കാലശേഷമാണ് ചേര്‍പ്പുഭഗവതിക്ഷേത്രത്തിലെ അടിയന്തിരക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. അന്നൊന്നും പഠിച്ചശേഷമുള്ള കൊട്ടായിരുന്നില്ല. മാരാരായി ജനിച്ചാല്‍ കണ്ടും കേട്ടും മനസ്സിലാക്കി ക്ഷേത്രാടിയന്തിരക്കാര്യങ്ങളില്‍ ഭാഗഭാഗാക്കുകയെന്നത് കുട്ടനെ സംബന്ധിച്ച് അക്ഷരംപ്രതി പ്രസക്തമായിരുന്നു. അടിയന്തിരകാര്യങ്ങളില്‍ ഒമ്പതു വയസ്സുമുതല്‍ ശ്രദ്ധിക്കാന്‍തുടങ്ങിയ കുട്ടന്‍ 12 വയസ്സായപ്പോഴാണ് കരിങ്കല്ലില്‍ പുളിമുട്ടി ഉപയോഗിച്ച് കൊട്ടിത്തുടങ്ങിയത്. പിതാവ് പെരുവനം അപ്പുമാരാരാണ് ആദ്യം പുളിമുട്ടി കയ്യില്‍ കൊടുത്ത് ഗണപതിക്കൈ കൊട്ടിച്ചത്. 14 വയസ്സില്‍ പെരുവനം പൂരത്തിന്റെ ചേര്‍പ്പിന്റെ മേളത്തിന് ഉരുട്ടുചെണ്ടനിരയില്‍ അറ്റത്തുനിന്ന് കൊട്ടി. കുമരപുരത്തു അപ്പുമാരാരുടെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ചു. തിരുവുള്ളക്കാവ് ശാസ്താസന്നിധിയിലായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് അനവധി ക്ഷേത്രങ്ങളില്‍ തായമ്പക അവതരിപ്പിച്ചു. അച്ഛന്റേയും കുമരപുരം ആശാനുമൊപ്പം കേരളത്തിലെ മേളപ്രാധാന്യമുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും പങ്കെടുത്തു. ആദ്യമേളപ്രമാണം ഗുരുവായൂരില്‍ ദശമി വിളക്കിനായിരുന്നു. ഗുരുപവനപുരിയിലെ പ്രഥമപ്രമാണത്തിന്റെ പൊന്‍തേരിലേറിയ കുട്ടന്‍മാരാര്‍ക്ക് പ്രമാണങ്ങളുടെ ഘോഷയാത്രയായിരുന്നു. ഗുരുവായൂരപ്പന്റെ ദശമിമേളത്തിന്റെ പ്രമാണം ഇന്ന് സപ്തതിയുടെ നിറവിലും പെരുവനം കാത്തുസൂക്ഷിക്കുന്നു. തുടര്‍ന്ന് പെരുവനം നടവഴിയില്‍ ആറാട്ടുപ്പുഴ, ചേര്‍പ്പ്, ചാത്തക്കുടം, ഊരകം പൂരങ്ങള്‍ക്ക് പ്രമാണിക്കുക എന്ന അപൂര്‍വഭാഗ്യവും കുട്ടന്‍മാരാര്‍ക്ക് ലഭിച്ചു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ പ്രമാണത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കുട്ടന്‍മാരാര്‍ക്ക് ജീവിതമെന്നാല്‍ മേളമാണ്. കൂട്ടായ്മയുടെ സംഗീതമായ മേളത്തെ ഒരൊറ്റമനസ്സോടെ ഒരേയൊരു താളത്തില്‍ നിര്‍ത്തി വിശ്വസൗന്ദര്യത്തിന്റെ വിഹായസ്സിലേക്കെത്തിക്കുന്ന വിസ്മയ പ്രതിഭയാണ് മാരാര്‍. ഇലഞ്ഞിത്തറമേളമെന്നോ അടിയന്തിരമേളമെന്നോ അതിന് അതിര്‍വരമ്പുകളില്ല. കാണാനും കേള്‍ക്കാനും ആസ്വാദകരുണ്ടാവുകയെന്നതാണ് പെരുവനം കുട്ടന്‍മാരാരുടെ ആഗ്രഹം. ഇനിയും കേരളത്തില്‍ താന്‍ കൊട്ടാത്ത അനവധി വേദികളുണ്ടെന്നും ഓരോ ക്ഷേത്രസങ്കേതങ്ങളിലുമെത്തി കലയെ അവതരിപ്പിക്കാനാവുമ്പോഴാണ് യഥാര്‍ഥകലാകാരന് സംതൃപ്തിയുണ്ടാകുന്നതെന്നും വാദ്യകലയെന്ന മഹാസാഗരത്തിന്റെ തീരത്തുകൂടെ മാത്രം പ്രയാണം ചെയ്യാനേ തനിക്കായിട്ടുള്ളൂവെന്നും മാരാര്‍ വിനയാന്വിതനായി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രയെന്നു വിശേഷിപ്പിക്കുന്ന പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ രണ്ടുവ്യാഴവട്ടക്കാലം അമരക്കാരനായി. 1977 ലാണ് ഇലഞ്ഞിത്തറമേളനിരയിലേക്ക് പതിനഞ്ചാമത്തെ ചെണ്ടക്കാരനായി കുട്ടന്‍മാരാരെത്തിയത്. പൂരത്തിന് കൊട്ടണമെന്നത് വലിയമോഹമായിരുന്നു. അന്ന് അവിടെ പല്ലശ്ശന പത്മനാഭമാരാരായിരുന്നു പ്രമാണി. 3 വര്‍ഷം അദ്ദേഹത്തിനൊപ്പം കൊട്ടി. പിന്നെ പരിയാരത്ത് കുഞ്ചുമാരാരുടെ കൂടെ നാലു വര്‍ഷവും പല്ലാവൂര്‍ അപ്പുമാരാരുടെ പ്രമാണത്തില്‍ 13 വര്‍ഷവും പൂരനിരയില്‍ കൊട്ടി. ഗുരുതുല്യനായ ചക്കംകുളം അപ്പുമാരാര്‍ക്കും രാമങ്കണ്ടത്ത് ഉണ്ണിമാരാര്‍ക്കുമൊപ്പം ഓരോ വര്‍ഷവും കൊട്ടി. അഞ്ച് പ്രമാണിമാര്‍ക്കൊപ്പം പൂരം കൊട്ടിയതിന്റെ അനുഭവത്തിനുശേഷമാണ് 1999 ല്‍ പൂരങ്ങളുടെ പൂരത്തിന്റെ ഇലഞ്ഞിത്തറയില്‍ പെരുവനം നായകനാകുന്നത്.
പാറമേക്കാവിലമ്മയുടെയും ഗുരുനാഥന്‍മാരുടേയും അനുഗ്രഹത്താലും സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാലും ഓരോ വര്‍ഷവും മേളം ഒന്നിനൊന്ന് മെച്ചമാക്കാന്‍ പെരുവനത്തിന് കഴിഞ്ഞു. ഏതാനും വര്‍ഷംമുമ്പ് ഇലഞ്ഞിത്തറയില്‍ മേളത്തിനിടെ മേളം കൈവിട്ടുപോകുന്ന അവസ്ഥയില്‍ നിശ്ചയദാര്‍ഢ്യത്തോടെ തിരിച്ചു പിടിച്ച അനുഭവമുണ്ട് മാരാര്‍ക്ക്. ഈരാറ്റുപേട്ട അയ്യപ്പന്‍ എന്ന ആന കാലില്‍ തരിപ്പുമൂലം കുഴഞ്ഞുവീഴാന്‍ പോയി. മറ്റു ആനകളെയെല്ലാം മാറ്റാനുള്ള ശ്രമമായി. ആന ഇടഞ്ഞെന്ന് പ്രചരണമുണ്ടായി. മേളക്കാരും ചിലരൊക്കെ ഓടാന്‍ തുടങ്ങി. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓര്‍ക്കസ്ട്ര എന്നു വിശേഷിപ്പിക്കുന്ന ഇലഞ്ഞിത്തറമേളത്തെ കൈവിടാന്‍ മാരാര്‍ ഒരുക്കമായിരുന്നില്ല. നിമിഷനേരം മേളത്തിന്റെ ശബ്ദം ഒന്നു കുറഞ്ഞെങ്കിലും പൂര്‍വാധികം ഇരമ്പലോടെ ഇലഞ്ഞിത്തറമേളം തുടര്‍ന്നു. മൂന്നുവര്‍ഷംമുമ്പ് പാറമേക്കാവിനുമുമ്പില്‍ ഇലഞ്ഞിത്തറമേളത്തിന്റെ പ്രാരംഭമായ പാണ്ടിയുടെ കൊലുമ്പലിനിടെ കുട്ടന്‍മാരാര്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. കുഴഞ്ഞുവീഴുന്നതിനിടെ സഹമേളക്കാരും സംഘാടകരും ചേര്‍ന്ന് താങ്ങി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം പ്രയാസം കുറവായെങ്കിലും ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടു. എന്നാല്‍ ഇലഞ്ഞിത്തറമേളം മുഴുമിപ്പിക്കാന്‍ തന്നെ അനുവദിക്കണമെന്ന മാരാരുടെ അപേക്ഷയ്‌ക്കുമുമ്പില്‍ ഡോക്ടര്‍മാര്‍ക്കു മറ്റുവഴിയുണ്ടായില്ല. ഡോക്ടര്‍മാരുടെ അകമ്പടിയോടെ ഇലഞ്ഞിത്തറയിലെത്തി മേളഗോപുരം കൊട്ടിയുയര്‍ത്തിയതും മറക്കാനാവില്ല. അതുപോലെ ഒരുവര്‍ഷം ഭൂമിയിലെ ദേവമേളയെന്നു പുകള്‍പ്പെറ്റ ആറാട്ടുപ്പുഴ പൂരത്തിന് മഴ അലോസരമുണ്ടാക്കിയപ്പോള്‍ മേളം നിര്‍ത്തി ഓടാന്‍പോയ മേളക്കാരെ പിടിച്ചുനിര്‍ത്തുകയും മഴയെപ്പോലും കൂസാതെ മേളാസ്വാദകരായ പതിനായിരങ്ങളെ കോരിത്തരിപ്പിച്ച ചരിത്രവും കുട്ടന്‍മാരാര്‍ക്കുണ്ട്.
വാദ്യകലാരംഗത്ത് ആദ്യമായി പത്മശ്രീ കിട്ടിയത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്കായിരുന്നു. അടുത്തത്് പെരുവനത്തിന്റെ ഊഴമായിരുന്നു. തന്റെ പത്മശ്രീ ഗുരുക്കന്‍മാര്‍ക്കും പൂര്‍വസൂരികള്‍ക്കുമുള്ള പുരസ്‌കാരമായും വാദ്യകലയ്‌ക്കുള്ള അംഗീകാരമായുമാണ് കുട്ടന്‍മാരാര്‍ കണക്കാക്കിയിരുന്നത്. മേളത്തിന്നിടയിലെ അച്ചടക്കത്തിന്റെ കാര്യത്തില്‍ കുട്ടന്‍മാരാര്‍ മാതൃകയാണ്. മേളത്തിനിടയില്‍ ഒരാളും അനങ്ങില്ല. വക്കില്‍ കൊട്ടേണ്ടത് നടുവില്‍ കൊട്ടിയാല്‍ 15 ഉരുട്ടുചെണ്ടക്കാരില്‍ ആരായാലും ഒറ്റനോട്ടത്തില്‍ കുട്ടന്‍മാരാര്‍ക്ക് മനസ്സിലാകും. ഇരുന്നൂറും മുന്നൂറും പേരുള്ള മേളത്തിനിടയിലും വലംതലയില്‍ ആരെങ്കിലും ഇടയില്‍ അടിച്ചാല്‍ ആളെ തിരിച്ചറിയും. എട്ടും പത്തുംദിവസം നീളുന്ന ഉത്സവങ്ങള്‍ക്ക് ഏതെങ്കിലു നേരം ആരെങ്കിലു മുടങ്ങിയാല്‍ അടുത്തദിവസം വരുമ്പോള്‍ എവിടെയായിരുന്നു ഇന്നലെ എന്ന് എടുത്തുചോദിക്കും. ഇതെല്ലാം മേളം നന്നാവാന്‍ വേണ്ടിയാണ്. അല്ലാതെ താന്‍പോരിമ കാണിക്കാനോ പുതിയഭാഷയില്‍ പറഞ്ഞാല്‍ ഷൈന്‍ ചെയ്യാനോ വേണ്ടിയല്ല എന്നത് തിരിച്ചറിയുന്നവര്‍ ഏതാനും പേരേ ഉണ്ടാകൂ. പെരുവനം എന്ന നാമം മലയാളിയില്‍ നിറയ്‌ക്കുന്നത് ശുദ്ധപഞ്ചാരിയുടെ താളവട്ടങ്ങളാണ്. കലാകാരനായി ജനിച്ചുവളര്‍ന്ന് ആത്മാര്‍ഥതയോടെ സത്യസന്ധമായി അവതരണം നടത്തി മലയാളിയുടെ മനസ്സിനെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുന്ന സാധാരണക്കാരനായ നല്ലകലാകാരന്‍. അതെ; മേളഗരിമയുടെ നിത്യവസന്തം എഴുപതിന്റെ നിറവിലാണ്. ഈമാസം 24, 25 തീയതികളില്‍ തൃശൂര്‍ ചേര്‍പ്പ് മഹാത്മാ മൈതാനിയില്‍ വാസന്തസപ്തതി എന്ന പേരില്‍ സപ്തതി വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: