കൊച്ചി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാര്യകാരണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തലവനാണ് ഗവര്‍ണര്‍. ഇവിടെ ഓരോ സര്‍ക്കാര്‍ ഉത്തരവും ഗവര്‍ണറുടെ ഉത്തരവായാണിറങ്ങുന്നത്. സംസ്ഥാനത്തെ സമ്പദ്ഘടനയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ട്.
ഇന്നത്തെ അപകടകരമായ സ്ഥിതിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്താണ് വേണ്ടതെന്നു പരിശോധിക്കണം. സംസ്ഥാനത്തിന് ഇപ്പോള്‍ വായ്പ എടുക്കാന്‍ പറ്റുന്നില്ല എന്ന് മാത്രമല്ല വായ്പ ചോദിച്ചാല്‍ കൊടുക്കാനും ആളില്ല. കേരളം ഇന്നത്തെ നിലയിലായതില്‍ ഇടത് മുന്നണിക്ക് മാത്രമല്ല യുഡിഎഫിനും വലിയ പങ്കുണ്ട്. കടം വാങ്ങി മുന്നോട്ട് പോകാനും കഴിയുന്നത്ര അഴിമതികള്‍ നടത്താനുമാണ് യുഡിഎഫും പരിശ്രമിച്ചത്.
അക്ഷരാര്‍ഥത്തില്‍ കടക്കെണിയിലാണ് കേരളം. സിഎജി ചൂണ്ടിക്കാട്ടിയത് നമ്മുടെ മുന്നിലുണ്ട്. അപ്രകാരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും കേരളത്തിന്റെ കടം 4.08 ലക്ഷം കോടിയാവും. അടുത്തവര്‍ഷം അത് 4.52 ലക്ഷം കോടിയും. 2016- 17 ല്‍ അത് 1.86 ലക്ഷം കോടിയായിരുന്നു എന്ന് ഓര്‍മിക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇന്നിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചാല്‍ കടം കൊടുക്കാന്‍പോലും ആരും തയാറാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. അതിനിടയിലാണ് കടം വാങ്ങിയും ഉദ്യോഗസ്ഥരെക്കൊണ്ട് പണം പിരിപ്പിച്ചും വലിയ ധൂര്‍ത്തിന് കേരളം തയാറായത്.
കഴിഞ്ഞ കാലങ്ങളില്‍ പലപ്പോഴും വായ്പയെടുത്ത പണം നിര്‍ദിഷ്ട പദ്ധതികള്‍ക്കല്ല ചെലവിട്ടത് എന്നുള്ള ഗുരുതരമായ ആക്ഷേപം നമ്മുടെ മുന്നിലുണ്ട്. 2019- 20 സാമ്പത്തിക വര്‍ഷം വായ്പയായെടുത്ത 60,407 കോടി രൂപയില്‍ 14% ( 8,454 കോടി) മാത്രമാണ് പദ്ധതിക്കായി ചെലവിട്ടത്. അടുത്ത സാമ്പത്തിക വര്‍ഷം അത് 18% പിന്നെ 21%. ബാക്കിയുളള തുക എങ്ങനെ ചെലവിട്ടു എന്നത് അന്വേഷിക്കേണ്ടതുണ്ട്.
ഈ കണക്കുകള്‍ മുഴുവന്‍ ഗവര്‍ണറുടെ സമക്ഷമുണ്ട്. സിഎജി റിപ്പോര്‍ട്ട് അദ്ദേഹം കണ്ടതും അംഗീകരിച്ചതുമാണ്. അതുകൊണ്ടുതന്നെ എന്താണ് കേരളത്തിലെ സമ്പദ്ഘടനയില്‍ സംഭവിക്കുന്നത് എന്നത് പരിശോധിക്കാനുള്ള അധികാരവും ഉത്തരവാദിത്വംവും ഗവര്‍ണര്‍ക്കുണ്ട്.
കേന്ദ്ര പദ്ധതികള്‍ക്ക് ലഭിച്ച പണവും വകമാറ്റി ചെലവിടാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതാണ് ഇപ്പോള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പ്രശ്‌നമുണ്ടാവാനിടയായത്. അതിന്റെ പൂര്‍ണ കണക്ക് ഇനിയും കേരളം സമര്‍പ്പിച്ചിട്ടില്ലെന്നതാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍ മിഷന്‍ , തൊഴിലുറപ്പ് പദ്ധതി അടക്കമുള്ളവയില്‍ ഇടയ്‌ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കേരളത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ്. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ല എന്നും മറ്റുമുള്ള നിലനില്‍ക്കാത്ത ആരോപണങ്ങള്‍ കേരളത്തിന്റെ ധനമന്ത്രി ഉന്നയിക്കുന്നത് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാവില്ല മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ആയിരിക്കണം. അഞ്ചു വര്‍ഷത്തേക്കാണ് നഷ്ട പരിഹാരം നല്കാമെന്ന് കേന്ദ്രം ഏറ്റിരുന്നത്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണവും മറ്റും നടത്തുന്നതിന് പകരം, ധൈര്യമുണ്ടെങ്കില്‍, കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം കേരള സര്‍ക്കാര്‍ എത്രയും വേഗം പുറത്തിറക്കട്ടെ.
ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കും, അദ്ദേഹം അക്കാര്യം പരിശോധിക്കണം. കേരളത്തെ ഈ പേടിപ്പിക്കുന്ന ദുരവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള ഉദ്യമം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവണം, ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: