ന്യൂദല്‍ഹി: ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ച് ഖനനം നടത്തിയ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് ലിഥിയത്തിനൊപ്പം മൈക്കയും കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജനാര്‍ദന്‍ പ്രസാദ് പറഞ്ഞു.
വൈദ്യുതി കാറിലെ ബാറ്ററി നിര്‍മ്മാണത്തിലെ സുപ്രധാന ഘടകം
ജി-3 ലെവലില്‍ കുഴിച്ചാലാണ് എത്രത്തോളം അളവുണ്ടെന്ന് അറിയാന്‍ കഴിയുക എന്നും ജനാര്‍ദ്ദന്‍ പ്രസാദ് പറഞ്ഞു. വൈദ്യുത വാഹനങ്ങളിലെ ബാറ്ററി നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാവാത്ത സുപ്രധാന ഘടകമാണ് ലിഥിയം. ഈ ധാതുവിന്റെ പ്രാധാന്യവും മൂല്യവും കാരണം വെളുത്ത സ്വര്‍ണ്ണം(White Gold) എന്നും ലിഥിയത്തെ വിശേഷിപ്പിക്കുന്നു.
ലിഥിയം ഖനനത്തില്‍ ഒന്നാമന്‍ ആസ്ത്രേല്യ; ശുദ്ധീകരണസാങ്കേതിക വിദ്യ ചൈനയില്‍
ഇപ്പോള്‍ ആസ്ത്രേല്യയാണ് ലിഥിയം കുഴിച്ചെടുക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. ചിലി, ചൈന, അര്‍ജന്‍റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ലിഥിയം ഖനനത്തില്‍ രണ്ടും മൂന്നുംനാലും അഞ്ചും സ്ഥാനങ്ങളില്‍. ലോകത്തെ 47 ശതമാനം ലിഥിയവും ആസ്ത്രേല്യയില്‍ നിന്നാണ്. പക്ഷെ പ്രാഥമികമായി ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കുന്ന ലിഥിയം പിന്നീട് ശുദ്ധീകരിക്കുന്ന ഫാക്ടറികള്‍ അധികവും ചൈനയിലാണ്. ആസ്ത്രേല്യ കുഴിച്ചെടുക്കുന്ന ലിഥിയത്തില്‍ 90 ശതമാനവും ചൈനയിലേക്കായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ആസ്ത്രേല്യ-ചൈന ബന്ധം വഷളായതിനാല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
ലിഥിയം കൂടുതല്‍ കുഴിച്ചെടുക്കുന്നത് ആസ്ത്രേല്യയിലാണെങ്കിലും ലിഥിയം ശേഖരം കൂടുതലുള്ളത് ബൊളീവിയയിലാണ്. തൊട്ടുപിന്നാലെ യഥാക്രമം അര്‍ജന്‍റീന, യുഎസ്, ചിലി, ആസ്ത്രേല്യ, ചൈന എന്നീ രാജ്യങ്ങള്‍ നിലകൊള്ളുന്നു.
മോദി സര്‍ക്കാരിന്റെ ലിഥിയം പ്ലാന്‍
ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇനിയും ഇന്ത്യയിൽ വികസിച്ചിട്ടില്ല. ചൈനയാകട്ടെ ഇന്ത്യയക്ക് ലിഥിയം നിഷേധിക്കുകയാണ്. അതുവഴി വൈദ്യുതവാഹന നിര്‍മ്മാണ രംഗത്ത് കുതിക്കുന്ന ഇന്ത്യയെ തകര്‍ക്കാമെന്ന് ചൈന കണക്കുകൂട്ടുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിനെതിരായി ഇന്ത്യയ്‌ക്കകത്ത് തന്നെ ലിഥിയം നിക്ഷേപം കണ്ടെത്താനുള്ള തിരിച്ചിലിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇലോണ്‍ മസ്കിന്റെ വിശ്വവിഖ്യാത വൈദ്യുതി കാറായ ടെസ് ല കാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനിരിക്കുകയാണ്.
തല്‍ക്കാലം ഇന്ത്യ ലിഥിയം നിക്ഷേപം കുഴിച്ചെടുത്താല്‍ അത് ശുദ്ധീകരിക്കാനും വേര്‍തിരിച്ചെടുക്കാനും വിദേശ കമ്പനികളുടെ സഹായം തേടും. ഭാവിയില്‍ ഇന്ത്യ ശുദ്ധീകരണപ്രക്രിയാ രംഗത്തേക്കും കടക്കും. നേരത്തെ കശ്മീരിലും ലിഥിയം നിക്ഷേപം കണ്ടെത്തിയിരുന്നു. ഏകദേശം 5.9 ദശലക്ഷം ടണ്‍ ലിഥിയമാണ് ഇവിടെ കണ്ടെത്തിയത്. ഇതോടെ ഇന്ത്യ ലിഥിയം ഖനനത്തില്‍ ലോകത്തെ ഏഴാമത്തെ രാജ്യമായി മാറിയിരുന്നു. ഇപ്പോള്‍ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ഇന്ത്യ വൈദ്യുത വാഹന നിര്‍മ്മാണരംഗത്ത് ബാറ്ററി നിര്‍മ്മാണത്തിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലാത്ത നിലയില്‍ എത്താനാണ് പരിശ്രമിക്കുന്നത്.
റോക്കറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: