ചെന്നൈ : കഴിഞ്ഞയാഴ്ച റോഡില്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റിലായി.ക്ഷേത്ര ദര്‍ശനത്തിന് പോയ വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ കടന്നു പിടിച്ച 29 കാരനായ അഹമ്മദ് റിയാസ് എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറും ബൈക്ക് ടാക്‌സി ഡ്രൈവറായ യോഗേശ്വരനെന്ന 24 കാരനുമാണ് അറസ്റ്റിലായത്. രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു.
പെരുംഗുഡി എന്ന സ്ഥലത്ത് വച്ചാണ് തിരുവന്‍മിയൂരിലെ മരുന്തീശ്വരര്‍ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ അഹമ്മദ് റിയാസ് കടന്നു പിടിച്ചത്. അയ്യപ്പന്‍ കോവില്‍ സ്ട്രീറ്റിന് സമീപമാണ് സംഭവം.ഭയന്നുപോയ യുവതി വീട്ടിലേക്ക് തിരിച്ചോടിയപ്പോള്‍ പശിമയുളള ദ്രാവകം അവരുടെ ശരീരത്തിലേക്ക് ഒഴിക്കുകയും ചെയ്തു.
സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അഹമ്മദ് റിയാസിനെ കണ്ടെത്തിയത്.വിവാഹിതനായ റിയാസിന്റെ ഭാര്യ ഒരു വയസുള്ള കുട്ടിയുമായി ആരക്കോണത്താണ് താമസിക്കുന്നത്.
യോഗേശ്വരന്‍ കഴിഞ്ഞ ദിവസം ടി പി ചതിരം പ്രദേശത്തെ വിജനമായ റോഡില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് യോഗേശ്വരനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു.തെരുവുകളില്‍ ഒറ്റയ്‌ക്ക് സഞ്ചരിക്കുന്ന അമ്പതിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും യോഗേശ്വരന്‍ നേരത്തെ കടന്നു പിടിച്ചിട്ടുണ്ടന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: