ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം പത്താം ദിവസത്തിലേക്ക്.
ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നിടത്തേക്ക് ആറിഞ്ചു വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നത് ഇന്നലെ പൂര്‍ത്തിയായി. കേന്ദ്ര-സംസ്ഥാന രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമേ അന്തര്‍ദേശീയ വിദഗ്ധരും ഇവിടെയെത്തി. ഇന്റര്‍നാഷണല്‍ ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന് പ്രസിഡന്റ് ആര്‍നോള്‍ഡ് ഡിക്സാണ് ഇന്നലെയെത്തിയത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഡിആര്‍ഡിഒ വികസിപ്പിച്ച രണ്ട് റോബോട്ടുകളെയും രക്ഷാദൗത്യത്തിനായി അയച്ചു.
ആറിഞ്ചു വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതോടെ കൂടുതല്‍ ഖരഭക്ഷണവും വെള്ളവും മരുന്നും തൊഴിലാളികള്‍ക്കു നല്‍കാനാകുമെന്ന് നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ഡയറക്ടര്‍ അന്‍ഷു മനീഷ് കാല്കോ അറിയിച്ചു. 41 പേരും സുരക്ഷിതരാണ്. പുതിയ പൈപ്പ് കൂടുതല്‍ ആശയ വിനിമയത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിആര്‍ഡിഒയുടെ, 20, 50 കിലോയുള്ള രണ്ടു റോബോട്ടുകളെയാണ് രക്ഷാദൗത്യ ഭാഗമായി അയച്ചത്. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ കടത്തിവിട്ട് മണ്ണിടിഞ്ഞു വീണ ഭാഗത്തുകൂടെ പോകാനാകുമോയെന്ന് പരിശോധിക്കും. തൊഴിലാളികളുടെ തത്സമയ ദൃശ്യങ്ങള്‍ നീരീക്ഷിക്കാനും ശ്രമിക്കും. ആവശ്യമായ കൂടുതല്‍ യന്ത്രങ്ങള്‍ വരും ദിവസങ്ങളിളെത്തിക്കുമെന്നും അന്‍ഷു മനീഷ് വ്യക്തമാക്കി.
ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് ആവശ്യമായ വലിയ യന്ത്രങ്ങളെത്തിക്കാനുള്ള അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. റെയില്‍ വികാസ് നിഗം ലിമിറ്റഡ് അവശ്യ സാധനങ്ങളുടെ വിതരണത്തിന് മറ്റൊരു ലംബ പൈപ്പ്ലൈന് സ്ഥാപിക്കും. സില്‍ക്യാര ഭാഗത്തുനിന്ന് ഡ്രില്ലിങ്ങാരംഭിക്കാന് എന്എച്ച്ഐഡിസിഎലിനെയും ബാര്കോട്ടു നിന്ന് മൈക്രോ ടണലിങ്ങിന് ടെഹ്റി ജല വൈദ്യുത വികസന കോര്‍പ്പറേഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി യന്ത്രങ്ങള്‍ എത്തിച്ചുകഴിഞ്ഞു. വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന് സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ അഞ്ചു മാര്‍ഗങ്ങള്‍ തൊഴിലാളികളെ രക്ഷിക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഏകോപനത്തില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കാണ് രക്ഷാപ്രവര്‍ത്തന ചുമതലകള്‍. പ്രധാനമന്ത്രി, മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുമായി ഫോണില്‍ ഇന്നലെ രക്ഷാപ്രവര്‍ത്തന പുരോഗതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: