അഹമ്മദാബാദ്: ഭാരതത്തെ ആറ് വിക്കറ്റിന് മറികടന്ന് ഓസ്ട്രേലിയയ്ക്ക് ആറാം ലോക ക്രിക്കറ്റ് കിരീടം.
പതിമൂന്നാം ലോകകപ്പിന്റെ കലാശപ്പോരില്‍ ഭാരതമുയര്‍ത്തിയ 241 റണ്‍സ് എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ ഓസീസ് മറികടന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയുടെയും (120 പന്തില്‍ 137) മാമസ് ലബുഷെയ്നിന്റെ അര്‍ധസെഞ്ചുറിയുടെയും (58) ബലത്തിലാണ് ഓസീസ് വിജയം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയതു മുതല്‍ കാര്യങ്ങളെല്ലാം ഓസീസിന് അനുകൂലമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (47), വിരാട് കോഹ്ലി (54), കെ.എല്‍. രാഹുല്‍ (66) എന്നിവര്‍ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. പ്രതീക്ഷകളുടെ അമിതഭാരത്തില്‍ ഭാരത താരങ്ങള്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. ആദ്യഓവറുകളിലെ ആളിക്കത്തല്‍ അവസാനിച്ചതോടെ ഇന്നിങ്സ് ഇഴഞ്ഞുനീങ്ങി. ടൂര്‍ണമെന്റിലാദ്യമായി ഭാരതം ഓള് ഔട്ടായി. അവസാന ഓവറില്‍ എല്ലാവരും പുറത്ത്.
രണ്ടാം ഓവറില്‍ ഷമി വിക്കറ്റ് വീഴ്ത്തി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും പിന്നെ കാര്യമായൊന്നും സംഭവിച്ചില്ല. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെഡും ലബുഷെയ്നും ഓസീസ് വിജയം അനായാസമാക്കി. വിരാട് കോഹ്ലിയാണ് ടൂര്‍ണമെന്റിന്റെ താരം. പരാജയത്തില്‍ നിരാശ വേണ്ടെന്നും രാജ്യമെന്നും ടീമിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത താരങ്ങളെ ആശ്വസിപ്പിച്ചു.
കൂടുതല്‍ റണ്‍സ് : വിരാട് കോഹ്ലി(765)
ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ : ഗ്ലെന്‍ മാക്സ്വെല്(201*)
കൂടുതല്‍ സെഞ്ചുറികള്‍ : ക്വിന്റണ്‍ ഡി കോക്ക്(4)
കൂടുതല്‍ സിക്സറുകള്‍ : രോഹിത് ശര്‍മ്മ(31)
കൂടുതല്‍ വിക്കറ്റുകള്‍ : മുഹമ്മദ് ഷമി(24)
മികച്ച ബൗളിങ് പ്രകടനം : മുഹമ്മദ് ഷമി(7/57)
കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ : ക്വിന്റണ്‍ ഡി കോക്ക്(20)
ഔട്ട്ഫീല്‍ഡില്‍ കൂടുതല്‍ ക്യാച്ചുകള്‍ : ഡാരില്‍ മിച്ചല്‍(11)
സമ്മര്‍ദ്ദത്തില്‍ ഭാരതം ഉലഞ്ഞു
അഹമ്മദാബാദ്: മൂന്നാം കിരീടം മോഹം പൊലിഞ്ഞതിന് ഉത്തരവാദി ഭാരത ക്രിക്കറ്റ് സംഘം മാത്രം. സമ്മര്‍ദ്ദത്തില്‍ തളരാതെ കളിക്കാന്‍ ശ്രമിക്കാതെ കീഴടങ്ങിയ ഭാരതത്തിന് ലോകകിരീടം ഓസ്ട്രേലിയയ്ക്ക് അടിയറവയ്ക്കേണ്ടിവന്നു. ഭാരതത്തിന്റെ ജൈത്രയാത്ര തുടങ്ങിയ മത്സരത്തില്‍ രണ്ട് റണ്‍സെടുത്തുനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ ആരും മറുന്നു കാണില്ല. അന്ന് അഞ്ച് ഓവര്‍ തികയും മുമ്പേ നാലാം വിക്കറ്റില്‍ ഒന്നിക്കേണ്ടിവന്ന വിരാട് കോഹ്ലിക്കും കെ.എല്‍. രാഹുലിനും ഒട്ടും അങ്കലാപ്പ് ഉണ്ടായിരുന്നില്ല. പകരം ഇന്നലത്തെ അതേ അഹമ്മദാബാദില്‍ ഇരുവരും നിസ്സാരം ഭാരതത്തെ വിജയത്തിലേക്ക് നയിച്ചു.
പക്ഷെ ഇന്നലെ ഭാരതത്തിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ആദ്യ പവര്‍പ്ലേയില്‍ 80 റണ്‍സിന് മുകളില്‍ സ്കോറുണ്ടായിരുന്നു. ശേഷിക്കുന്ന 240 പന്തുകള്‍ക്ക് മുന്നില്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോഹ്ലിക്കും രാഹുലിനും എന്താണ് സംഭവിച്ചത്. പിച്ചിലെ വേഗക്കുറവ് ശരിതന്നെ പക്ഷെ ലൂസ് ബോളുകള്‍ കണ്ടെത്താന്‍ ശ്രമിക്കാമായിരുന്നു. റണ്‍നിരക്ക് ഉയര്‍ത്താന്‍ ഒന്നും ചെയ്യാതെ സമ്മര്‍ദ്ദത്തിന് കീഴടങ്ങി. ഇവിടെ ഭാരതം ആദ്യ തോല്‍വി സമ്മതിച്ചുകഴിഞ്ഞു.
പത്താം ഓവറില്‍ ബൗണ്ടറി നേടിയ ശേഷം അടുത്ത ബൗണ്ടറി പായിക്കുന്നത് ഇരുപത്തേഴാം ഓവറിലാണ്, നീണ്ട 97 പന്തുകള്‍ക്ക് ശേഷം. ഇത്രത്തോളം കാഠിന്യം അഹമ്മദാബാദിലെ പിച്ചിനില്ലെന്നത് വാസ്തവം. ഇവിടെ റണ്‍നിരക്ക് ഉയര്‍ത്തേണ്ട ദൗത്യം മറന്ന് സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്നവരായപ്പോള് കോഹ്ലി ഹിറ്റ് വിക്കറ്റായി. 40 ഓവറുകള്‍ക്ക് ശേഷമെങ്കിലും സ്കോര്‍ നിരക്കുയര്‍ത്താനുള്ള പഴുത് കണ്ടെത്താതെ പ്രതിരോധത്തിലൂന്നി കീപ്പര്‍ ക്യാച്ച് സമ്മാനിച്ച് രാഹുലും കീഴ്പ്പെട്ടു.
ബോളര്‍മാരെ കൊണ്ടാവുന്നത് ചെയ്തു. ഗംഭീര തുടക്കം നല്കി. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിനനുസരിച്ച് പിച്ചിന്റെ സ്വഭാവം മാറിയ ഇടത്ത് കുറഞ്ഞ സ്കോറിനെ പ്രതിരോധിക്കാന്‍ ഇതിലും വലിയ ബോളിങ് നിര വന്നാലും ഒന്നും ചെയ്യാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: