കൊച്ചി: ഏകദേശം 150 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ സേഫ് ആന്റ് സ്ട്രോങ് സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ റാണയുടെ സ്വത്ത് കണ്ട് കെട്ടാന്‍ ഉത്തരവിട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒമ്പത് മാസം ജയിലില്‍ കിടന്ന പ്രവീണ്‍ റാണ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 260 കേസുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കേസുകളിലും ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് ഇയാള്‍ പുറത്തിറങ്ങിയത്. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധന നിയമം,2019 (ബഡ് സ് നിയമം) പ്രകാരമാണ് ഇയാളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ നിയമം സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ പൊലീസിന് സ്വാതന്ത്ര്യം നല്കുന്നു. തഹസീല്‍ദാരോട് ഇയാളുടെ സ്വത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കോടികളുടെ തട്ടിപ്പ് നടത്തിയതിനെതിരെ പ്രവീണ്‍ റാണയ്ക്കെതിരെ പരാതി ശക്തമാവുകയും പിടിക്കപ്പെടുമെന്ന് ഉറപ്പാകുകയും ചെയ്തപ്പോള്‍ തമിഴ്നാട്ടിലേക്ക് മുങ്ങിയ ഇയാളെ ഏറെ തിരച്ചിലിന് ശേഷമാണ് പൊള്ളാച്ചിയിലെ ഒരു കോളനിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാവര വസ്തുക്കള്‍ വിറ്റ് കിട്ടിയ പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഒരു ലക്ഷം തന്നാല്‍ മാസം 3000 രൂപ വെച്ച് തിരിച്ചുതരാം എന്ന വാഗ്ദാനത്തിലാണ് ഇയാള്‍ ചിട്ടി ഫണ്ടിലേക്ക് പണം പിരിച്ചത്. തൃശൂര്‍ അരിമ്പൂരില്‍ വെളുത്തൂര്‍ സ്വദേശിയാണ് റാണ എന്ന കെ. പ്രവീണ്‍. എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരിയാണ്. ആര്‍ഭാടത്തോടെയുള്ള സ്വന്തം വിവാഹവും സിനിമാനിര്മ്മാണവുമാണ് ഇയാളുടെ കമ്പനിയെ തകിടം മറിച്ചത്. വാഗ്ദാനം ചെയ്ത തുക കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്കിത്തുടങ്ങിയത്. ആദ്യമൊക്കെ പരാതി നല്‍കുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാതികള്‍ വ്യാപകമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഇദ്ദേഹത്തിന് ഉന്നതതല ബന്ധങ്ങള്‍ ഉള്ളതിനാല്‍ അറസ്റ്റിന് ശേഷം കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ഏറ്റവുമൊടുവില്‍ ഡോ. പ്രവീണ്‍ റാണ എന്ന പേരില്‍ ജീവിത വിജയത്തിന് ഉപദേശം നല്കുന്ന ലൈഫ് ഡോക്ടറായും വേഷമിട്ട് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് അറസ്റ്റുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: