തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഇൻഷുറൻസ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. ഇനി മുതൽ അപകട മരണത്തിന് 15 ലക്ഷം രൂപയുടെയും സ്വാഭാവിക മരണത്തിന് അഞ്ച് ലക്ഷം രൂപയുടെയും പരിരക്ഷ ലഭ്യമാകും. അപകടത്തെ തുടർന്ന് പൂർണമായും കിടപ്പിലാകുന്ന സാഹചര്യമാണ് എങ്കിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 80 ശതമാനത്തിൽ അധികം വൈകല്യം സംഭവിക്കുകയാണെങ്കിലും ഇതേ ആനുകൂല്യം തന്നെയാകും ലഭിക്കുക.
എന്നാൽ വാർഷിക പ്രീമിയത്തിൽ മാറ്റം വരുത്തിയിട്ടില്ല. 60 മുതൽ 80 ശതമാനം വരെ വൈകല്യം സംഭവിക്കുകയാണ് എങ്കിൽ 75 ശതമാനം പരിരക്ഷ ലഭിക്കും. ഇനി 40 മുതൽ 60 ശതമാനം വരെ വൈകല്യമാണ് സംഭവിക്കുന്നത് എങ്കിൽ വാഗ്ദത്ത തുകയുടെ 50 ശതമാനവും നഷ്ടപരിഹാരവും അനുവദിക്കും. കൂടാതെ അപകടത്തിൽ കൈ, കാൽ, കാഴ്ച, കേൾവി എന്നീ നഷ്ടങ്ങൾക്ക് പരിരക്ഷ ലഭ്യമാകും.
വാഗ്ദത്ത തുകയുടെ 40 മുതൽ 100 ശതമാനം വരെയാണ് നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നത്. കൈവിരലുകൾ നഷ്ടമാകുകയാണ് എങ്കിൽ ഏത് വിരൽ എത്ര ഭാഗം എന്ന് വിലയിരുത്തിയാകും നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. കാൽ വിരലുകളുടെ നഷ്ടത്തിന് വാഗ്ദത്ത തുകയുടെ 10 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
















