തൃശൂര്‍: കോടതിയിലുള്ള കേസില്‍ ഇടപെടാനാകില്ലെന്ന് അറിയിച്ച സംഭവത്തില്‍ സുരേഷ് ഗോപിയും ഗ്രാമ പഞ്ചായത്ത് അംഗവും വീട്ടമ്മയെ കബളിപ്പിച്ചുവെന്ന വ്യാജ വാര്‍ത്ത നല്കി ദേശാഭിമാനി.
ദേശാഭിമാനിക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് അവിണിശ്ശേരി ഗ്രാമപഞ്ചായത്തംഗമായ രമണി നന്ദകുമാര്‍. തൃശൂര്‍ നടുവിലാല്‍ ജങ്ഷനില്‍ നടന്ന എസ്ജി കോഫി ടൈം പരിപാടിക്കിടെ വീട്ടമ്മയില്‍ നിന്ന് പരാതി സ്വീകരിക്കാതെ കബളിപ്പിച്ചുവെന്ന വ്യാജ വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്.
പിന്നീടത് സിപിഎം പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകപ്രചാരണം നടത്തുകയും ചെയ്തിരുന്നു.
തൃശ്ശൂര്‍ മുന്‍സിഫ് കോടതിയില്‍ ഒഎസ് 2461/2022 നമ്പര്‍ കേസുള്ളതിനാല്‍ ഇടപെടാനാകില്ല എന്നാണ് സുരേഷ് ഗോപി വീട്ടമ്മയെ അറിയിച്ചത്. അവിണിശ്ശേരി ഗ്രാമ പഞ്ചായത്തംഗമായ രമണി നന്ദകുമാറിന്റെ തറവാട്ട് വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന പുതുവീട്ടില്‍ അനിലിന്റെ ഭാര്യ ഷാലിയാണ് സുരേഷ് ഗോപിക്ക് പരാതി നല്‍കാനെത്തിയ വീട്ടമ്മ.
ഷാലിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക പരാധീനതകള്‍ കേട്ട് ഇവരുടെ ഉപജീവനത്തിനായി സ്വന്തം പേരില്‍ ബാങ്ക് ലോണെടുത്ത് പെട്ടിവണ്ടി വാങ്ങികൊടുത്ത് സഹായിച്ചിരുന്നു അവിണിശ്ശേരി ഗ്രാമ പഞ്ചായത്തംഗമായ രമണി നന്ദകുമാര്‍.
ലോണ്‍ കൃത്യമായി തിരിച്ചടക്കാതെ ഷാലിയും കുടുംബവും ഈ വാഹനത്തിന് വായ്പാകുടിശ്ശിക വരുത്തിയിരുന്നു. കുടിശ്ശികയായ അറുപതിനായിരം രൂപ അടച്ച് ലോണ്‍ പൂര്‍ണമായും തീര്‍ക്കാതെ എന്‍ഒസി നല്‍കാനാവില്ലെന്ന നിലപാട് കമ്പനി സ്വീകരിച്ചതോടെ ഷാലിയുടെ പേരിലേക്ക് വാഹനകൈമാറ്റം നടത്താനാവില്ല. ഈ സത്യം മറച്ചു വെച്ച് രമണി നന്ദകുമാര്‍ അറുപതിനായിരം രൂപ ആവശ്യപ്പെട്ടുവെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു ദേശാഭിമാനി.
ഇതിനിടെ ഷാലി വൃക്ക രോഗിയാണെന്ന രേഖകള്‍ ചമച്ച് വാഹനവായ്പ ഇളവുകള്‍ നേടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ധനകാര്യസ്ഥാപനം നിയമ നടപടിയും ആരംഭിച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയെ കണ്ട് ഷാലി പരാതി പറഞ്ഞെങ്കിലും തൃശ്ശൂര്‍ മുന്‍സിഫ് കോടതിയില്‍ ഇപ്പോഴും കേസ് നിലനില്‍ക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് ഷാലിയെ സുരേഷ് ഗോപി അറിയിക്കുക മാത്രമാണുണ്ടായത്. ഇതാണ് ദേശാഭിമാനി സുരേഷ് ഗോപി ക്കെതിരെയും രമണി നന്ദകുമാറിനെതിരെയും വ്യാജവാര്‍ത്തയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: