ന്യൂദല്‍ഹി: ശ്രീലങ്കയിലെ കൊളംബോയില്‍ ചൈനയുടെ തുറമുഖ ടെര്‍മിനലിനടുത്തായി അദാനിയുടെ തുറമുഖ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതോടെ ചൈനയെ നേരിടാന്‍ മറ്റ് അയല്രാഷ്ട്രങ്ങളില് കൂടി തുറമുഖ ടെര്‍മിനലുകള്‍ തുറക്കാന്‍ അദാനി ഒരുങ്ങുന്നു.
ചൈനയുടെ അധീശത്വത്തെ വെല്ലുവിളിക്കുകയാണ് അദാനിയുടെ ലക്ഷ്യം. ശ്രീലങ്കയിലെ കൊളംബോയില്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ യുഎസ് സഹായം ലഭിച്ചതിനാല്‍ ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാഷ്ട്രങ്ങളില്‍ കൂടി യുഎസ് സഹായത്തോടെ തുറമുഖ ടെര്‍മിനല്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ മഹാസമുദ്രത്തിലും മെഡിറ്ററേനിയന്‍ കടലിലും ചരക്ക് നീക്കത്തില്‍ ചൈനയ്ക്കുള്ള ആധിപത്യം ചോദ്യം ചെയ്യുകയാണ് ലക്ഷ്യം. ചൈനയുടെ സാമുദ്രിക ആധിപത്യം വെല്ലുവിളിക്കാനുള്ള യുഎസ്-യൂറോപ്പ് ദൗത്യത്തിനും അദാനി തുറ മുഖ ടെര്‍മിനലുകള്‍ തുണയാകും.
ബംഗ്ലദേശില്‍ മാത്രമല്ല, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ടാന്‍സാനിയ, വിയറ്റ്നാം എന്നീ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും തുറമുഖ ടെര്‍മിനലുകള്‍ സ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി പറഞ്ഞു.
ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ അദാനിയുടെ തുറമുഖ ശൃംഖല ചെറുതാണ്. അതേ സമയം ചൈനയ്ക്കാവട്ടെ, ചൈനയ്ക്ക് പുറത്ത് 90 തുറമുഖങ്ങള്‍ ഉണ്ട്. ഇതില്‍ 13 എണ്ണത്തില്‍ ചൈനയ്ക്കാണ് ഭൂരിപക്ഷ ഉടമസ്ഥാവകാശം ഉള്ളത്. എന്തായാലും അദാനി ഗ്രൂപ്പിന്റെ നീക്കം നയതന്ത്രസ്വഭാവത്തോടു കൂടിയുള്ളതാണെന്ന് ടിസിജി അസറ്റ് മാനേജ് മെന്റ് ചീഫ് ഇന്‍വെസ്റ്റ് മെന്റ് ഓഫീസര്‍ ചക്രി ലോകപ്രിയ പറയുന്നു. അതായത്, ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും മെഡിറ്ററേനിയന്‍ കടലിലെയും ചൈനയുടെ ചരക്ക് നീക്ക ആധിപത്യത്തെ വെല്ലുവിളിക്കുക എന്ന വിശാലലക്ഷ്യമാണ് അദാനി ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നില്‍.
നേരത്തെ മ്യാന്മറില് സൈനിക അട്ടിമറിയുണ്ടായേക്കുമോ എന്ന് ആശങ്ക മൂലം അദാനിഗ്രൂപ്പ് അവിടെ തുടങ്ങാനിരുന്ന തുറമുഖം വേണ്ടെന്നുവെച്ചിരുന്നു. അതുപോലെ ശ്രീലങ്കയിലും രാഷ്ട്രീയവിമര്‍ശനം ഉണ്ടായതോടെ സ്വന്തം തുറമുഖ പദ്ധതികള്‍ അദാനി ഉപേക്ഷിച്ചിരുന്നു.
എന്തായാലും ഇപ്പോള്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്യന്‍ സാമ്പത്തിക ഇടനാഴി എന്ന പുതിയ ആശയം യാഥാര്‍ത്ഥ്യമാക്കുന്നത് വഴി ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കാന്‍ ഇന്ത്യ-യുഎസ്, സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഒരുങ്ങുകയാണ്. ഇതില്‍ ഇസ്രയേലില്‍ അദാനി ഏറ്റെടുത്ത ഹൈഫ തുറമുഖത്തിന് മുഖ്യപങ്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: