കിളിമാനൂര്‍: പാറ പൊട്ടിക്കുകയും ഖനനം ചെയ്യുകയും ചെയ്തശേഷം ഉണ്ടാകുന്ന ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞ് ഉണ്ടാകുന്ന കുളങ്ങള്‍ നാടിന് ഭീഷണിയാകുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ ഭരണകര്‍ത്താക്കള്‍ മൗനം പാലിക്കുന്നു.
കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഇത്തരത്തില്‍ നിരവധി കുളങ്ങളുണ്ട്. കുളങ്ങളിലെല്ലാം വലിയ തോതില്‍ വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. നിരവധി മുങ്ങിമരണങ്ങള്‍ ഇത്തരം കുളങ്ങളില്‍ പതിവായി ഉണ്ടാകാറുണ്ട്. നിരവധി ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ കക്കോട് മേഖലയില്‍ മാത്രം വിസ്തൃതമായ പ്രദേശത്ത് മൂന്നോളം കൂറ്റന്‍ കുളങ്ങള്‍ ഉണ്ട്. ഇവിടെയും നിരവധി മരണങ്ങള് നടന്നിട്ടുണ്ട്.
പാറ പൊട്ടിക്കുകയും ഖനനം ചെയ്യുകയും ചെയ്തശേഷം ഉണ്ടാകുന്ന ഗര്‍ത്തങ്ങളില്‍ മണ്ണ് ഇട്ട് നികത്തണമെന്നാണ് ചട്ടം. പക്ഷേ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ശ്രദ്ധിക്കേണ്ടവര്‍ ഇതൊന്നും ശ്രദ്ധിക്കാറുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാറ പൊട്ടിച്ചിരുന്ന പല പാറ മലകളും നിയമവിരുദ്ധമായി പ്രവര്ത്തിച്ചവയുമാണ്. കുളങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാരിന്റെ റവന്യു ഭൂമിയാണ്. കുളങ്ങള്‍ നികത്തിയെടുത്താല്‍ ഭൂമി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. അധികൃതര്‍ ആ തരത്തിലും ചിന്തിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലത്തിന് വേണ്ടി ഭൂമി അന്വേഷിക്കുന്നതായി സൂചനയുള്ളതായി നാട്ടുകാര്‍ പറയുന്നു. ഈ ഭൂമി അതിനായി ഉപയോഗിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരില്‍ ചിലര്‍ ഈ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. അണുക്കാട്ടില്‍ ശ്രീകുമാര്‍ എന്നയാള്‍ ഇതു സംബന്ധിച്ച് പഞ്ചായത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.
കിളിമാനൂര്‍ ഗോവിന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: