ചാരുംമൂട്(ആലപ്പുഴ): നൂറനാട് പാലമേല്‍ മറ്റപ്പള്ളിയില്‍ മലയിടിച്ച് മണ്ണെടുക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ആയിരക്കണക്കിനു സ്ത്രീകളും സംയുക്ത സമരസമിതി പ്രവര്‍ത്തകരും നടത്തിയ വന്‍ പ്രക്ഷോഭത്തെത്തുടര്ന്നാണിത്. വ്യാഴാഴ്ചത്തെ സര്‍വകക്ഷി യോഗത്തില്‍ കൃഷിമന്ത്രിയും, റവന്യുമന്ത്രിയും പങ്കെടുക്കും. ആലപ്പുഴ എഡിഎം എസ്. സന്തോഷ്കുമാര്‍ ജനപ്രതിനിധി കളുമായും സമരസമിതി നേതാക്കളുമായും, കരാറുകാരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മണ്ണെടുപ്പ് തല്ക്കാലം നിര്‍ത്തിവച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് മറ്റപ്പള്ളി മലയില്‍ നിന്നും പോലീസ് സന്നാഹത്തോടെ രണ്ടാം തവണ മണ്ണെടുപ്പ് തുടങ്ങിയത്. ഏതാനും ലോഡുകള്‍ കൊണ്ടുപോയെങ്കിലും 10 മണിയോടെ മണ്ണ് ലോറികള്‍ കടന്നു പോകുന്ന ആശാന് കലുങ്ക്-മാവിളപ്പടി റോഡിന്റെ കവാടങ്ങളിലേക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പോലീസിന്റെ ബാരിക്കേഡുകള്‍ക്കു മുന്നില്‍ സമരക്കാര്‍ കുത്തിയിരുന്നു. ആയിരക്കണക്കിനു സ്ത്രീകള്‍ സമരത്തില്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി. ബിനുകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം മണ്ണെടുപ്പിന് സന്നാഹമൊരുക്കി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: