കൊല്‍ക്കൊത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അദാനിയിലുള്ളത് അദമ്യമായ വിശ്വാസമാണ്. ഈ വിശ്വാസത്തിന് കാരണവുമുണ്ട്. ബംഗാള്‍ പല തവണ ബിസിനസ് മീറ്റിംഗ് നടത്തിയിട്ടും കാര്യമായ നിക്ഷേപം ലഭിക്കാതിരിക്കവേ അദാനിയാണ് മമതയ്ക്ക് ആശ്വാസം പകര്‍ന്നത്.
മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിന് വികസനപദ്ധതികള്‍ കൊണ്ടുവന്നില്ലെങ്കില്‍ ആ മുഖ്യമന്ത്രിക്ക് ജനങ്ങള്‍ക്കിടയിലുള്ള പൊതുസമ്മതി കുറയും. എന്നാല്‍ വന്‍കിട ബിസിനസുകാരുടെ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി മാധ്യമങ്ങളില്‍ മാത്രമല്ല, ജനങ്ങളുടെ മനസ്സിലും നിറഞ്ഞുനില്ക്കും.
ഇക്കഴിഞ്ഞ വര്‍ഷം നടന്ന ബംഗാള്‍ ബിസിനസ് മീറ്റിന് മമത ക്ഷണിച്ചപ്പോള്‍ അദാനി ഓടിയെത്തി. ബംഗാളികള്‍ക്ക് മുന്പില് മമതയുടെ മുഖം രക്ഷിയ്ക്കുകയും ചെയ്തു. അന്ന് അദാനി എത്ര രൂപയുടെ ബിസിനസാണ് പ്രഖ്യാപിച്ചതെന്നറിയാമോ? 10,000 കോടി രൂപയുടെ ബിസിനസ്. ഏകദേശം 25,000 ബംഗാളി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ഈ പദ്ധതി. തുറമുഖം, അടിസ്ഥാന സൗകര്യം, ഡേറ്റാ സെന്റര്‍, വെയര്‍ ഹൗസിംഗ്, ലോജിസ്റ്റിക്സ് പാര്‍ക് തുടങ്ങി വിവിധ ബിസിനസുകള്‍ അടുത്ത പത്ത് വര്‍ഷത്തിനകം സ്ഥാപിക്കുകയാണ് അദാനിയുടെ പദ്ധതി. അതായത് മമതയുമായി ഒരു ദീര്‍ഘകാല സൗഹൃദമാണ് അദാനി ആഗ്രഹിക്കുന്നത്.
ഈ അദാനിയെ വേട്ടയാടാന്‍ അദാനിയുടെ എതിരാളി കൂടിയായ ദര്ശന് ഹീരാനന്ദാനിയുടെ സഹായത്തോടെയാണ് മഹുവ ഗുഢാലോചന നടത്തിയത്. മാത്രമല്ല, അദാനിയുടെ ശോഭ കെടുത്താന്‍ ഉതകുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കുന്നതിന് ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും മഹുവ പണവും, വിദേശയാത്രകളും ലൂയിവൂയിറ്റന് ബാഗുകളും ചെരിപ്പുകളും സമ്മാനമായി വാങ്ങിയിരുന്നു. 25000 ബംഗാളി യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്ന അദാനിയെയാണ് അല്ലാതെ ബിസിനസുകാരുമായി രഹസ്യ ഇടപാടുകള്‍ നടത്തി അവരുടെ ബിസിനസ് താല്പര്യങ്ങള്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വന്തം പാര്‍ട്ടിയുടെ എംപിമാരെയല്ല മമതയ്ക്ക് വേണ്ടത് എന്ന് മഹുവയെ വെറുമൊരു ജില്ലാനേതാവായി തരംതാഴ്ത്തുക വഴി മമത ബാനര്‍ജി തെളിയിച്ചിരിക്കുന്നു.
മമതയെ സംബന്ധിച്ചിടത്തോളം ദേശീയ രാഷ്ട്രീയത്തേക്കാള്‍ ബംഗാള്‍ രാഷ്ട്രീയം തന്നെയാണ് പ്രധാനം. അതുകൊണ്ട് തന്നെയാണ് മോദിയുമായി മമതയ്ക്ക് അസാമാന്യ സൗഹദം സൂക്ഷിക്കാന്‍ കഴിയുന്നതും. മമതയുടെ രാഷ്ട്രീയ ഭാവി ഒരു തവണയല്ല, പല തവണ കെടുത്തിക്കളയാന്‍ നോക്കിയ സോണിയാഗാന്ധിയെ മമതയ്ക്ക് ഈ ജന്മം മറക്കാന്‍ കഴിയില്ല. ജീവന്മരണപ്പോരാട്ടത്തിലൂടെ ബംഗാള്‍ പിടിക്കാന്‍ തുനിയുമ്പോള്‍ മമതയെ പല തവണ ചെളിയില്‍ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ച നേതാവാണ് സോണിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: