തിരുവനന്തപുരം: ആര്‍എസ്എസും രാഷ്ട്രവും ശ്വാസനിശ്വാസങ്ങളില്‍ നിറച്ച കര്‍മയോഗിയായിരുന്നു അന്തരിച്ച മുതിര്‍ന്ന പ്രചാരകന് ആര്. ഹരിയെന്ന് ഭാരതീയ വിചാരകേന്ദ്രം. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച ആര്. ഹരി അനുസ്മരണ സഭയിലാണ് ഔദ്യോഗിക അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചത്.
സംഘടനാ പ്രവര്‍ത്തനത്തിലും ആശയപ്രചരണ പ്രവര്‍ത്തനത്തിലും മാത്രമല്ല തപോനിഷ്ടമായ ജീവിതചര്യയിലും ആയിരങ്ങള്‍ക്ക് മാതൃകയായിരുന്നു ആര്. ഹരിയെന്നും ഭാരതീയ വിചാരകേന്ദ്രം അനുസ്മരിച്ചു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അധ്യക്ഷനായി. കേരളത്തിലെ സംഘയാത്രയ്ക്ക് ഒപ്പം സഞ്ചരിച്ച ആളാണ് ഹരിയേട്ടനെന്ന് ആര്. സഞ്ജയന് അനുസ്മരിച്ചു. കേരളത്തില്‍ സംഘപ്രസ്ഥാനത്തിന് ആശയവും ശാരീരിക പരവുമായ എതിര്‍പ്പ് ഉണ്ടായി സംഘടനയ്ക്ക് ആപത്കരമായി പ്രവര്‍ത്തിക്കേണ്ടി വന്നപ്പോഴും പ്രവര്‍ത്തകരുടെ ആത്മവീര്യം കെടാതെ കാത്തുസൂക്ഷിച്ചു.
സംഘആശയങ്ങള് സൂഷ്മമായും ലളിതമായും സ്പഷ്ടമായും പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്കി. ഒരിക്കലും ഒത്തുതീര്‍പ്പിന് മുതിരാത്ത ഉല്പതിഷ്ണു ആയിരുന്ന ഹരിയേട്ടനെന്നും ആര്. സഞ്ജയന് പറഞ്ഞു.
സ്വയംസേവകരെ പുഞ്ചിരിയോടെ ചേര്‍ത്ത് നിര്‍ത്തിയ പ്രചാരകനായിരുന്നു ഹരിയേട്ടനെന്നും സ്വയംസേവകന് പൂവിനെ പോലെ മണവും നിറവും ഗുണവും നല്കാന് പ്രാപ്തരായിരിക്കണമെന്ന് അദ്ദേഹം ജീവിച്ചു കാണിച്ച് തന്നുവെന്നും ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അനുസ്മരിച്ചു.
മാതൃകാപുരുഷനായി ഭാരതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹത് വ്യക്തിയാണ് ഹരിയേട്ടനെന്ന് ശ്രീരാമകൃഷ്ണ മിഷന് ആശ്രമത്തിലെ സ്വാമി സ്വപ്രഭാനന്ദ മഹാരാജ് പറഞ്ഞു.
അഗാധമായ പാണ്ഡിത്യമുള്ള ഹരിയേട്ടന് ജീവിച്ചിരുന്ന കാലത്ത്, ആ നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമെന്നും അേദ്ദഹം കണ്ടിരുന്ന ഭാരതം സ്ഥാപിക്കുക എന്നതാണ് അദ്ദേഹത്തിനുള്ള ആദരാഞ്ജലിയെന്നും കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അനുസ്മരിച്ചു.
വ്യക്തവും ലളിതവുമായി ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പുതുതലമുറയില്‍ ആശയത്തിന്റെ തിരിതെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ എസ്. ആദികേശവന് അനുസ്മരിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ വിശേഷ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്ശന്, സഹപ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, പ്രാന്തീയ കാര്യകാര്യ സദസ്യരായ എം. ഗണേഷ്, കാ.ഭ. സുരേന്ദ്രന്, സഹ പ്രചാര്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്, സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍, വിഭാഗ് കാര്യവാഹ് കൃഷ്ണകുമാര്‍, അനന്തപുരി ഹിന്ദുമഹാസമ്മേളനം ചെയര്മാന് എം. ഗോപാല്‍, ഉദയസമുദ്ര ഗ്രൂപ്പ് സിഎംഡി എസ്. രാജശേഖരന് നായര്‍, നടന് എം.ആര്. ഗോപകുമാര്‍ തുടങ്ങി സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: