ന്യൂദല്‍ഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി സ്വാധീനമേഖലകളുടെ എണ്ണം വര്‍ധിക്കുന്നവെന്ന് വിലയിരുത്തല്‍. രാജസ്ഥാന്, ഛത്തിസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കടുത്ത മത്സരത്തിന്റെ പ്രതീതി തുടക്കത്തില്‍ കണ്ടിരുന്നെങ്കിലും ഇപ്പോള്‍ അതില്ല.
ഛത്തിസ്ഗഡിലെ നക്സല്‍ മേഖലയില്‍ ഇന്നേവരെ പോളിങ് നടക്കാത്ത 126 ഗ്രാമങ്ങള്‍ ഇത്തവണ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബിജെപി വളരെ ശ്രദ്ധാപൂര്‍വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പ്രചാരണകേന്ദ്രങ്ങള് തെരഞ്ഞെടുത്തത്. ചമ്പല്‍ മേഖലയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് എത്തിയത്.
ഒരുകാലത്ത് കൊള്ളക്കാരുടെ കേന്ദ്രമായിരുന്ന ചമ്പല്‍ ഇന്ന് സൈനികരുടെ റിക്രൂട്ട്മെന്റ് സെന്ററാണെന്ന കണക്ക് നിരത്തിയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ജനങ്ങള്‍ ഏറ്റെടുത്തു. വനവാസി, ഗോത്ര ജനതയുടെ പ്രശ്നങ്ങളെ നേരിട്ട് അഭിവാദ്യം ചെയ്യുന്നതാണ് ബിജെപി ഛത്തിസ്ഗഡില്‍ മുന്നോട്ടുവച്ച പ്രചാരണരീതി.
ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വാതുവയ്പ് വിവാദം, നക്സല്‍ ബന്ധം തുടങ്ങിയവ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. രാജസ്ഥാനില്‍ നിര്‍ബാധം തുടരുന്ന സ്ത്രീപീഡനവും അഴിമതിയും ബിജെപി വലിയ തോതില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.
നരേന്ദ്ര മോദിയുടെ നേതൃത്വവും കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും ബിജെപി എണ്ണിപ്പറയുന്നു. അതേസമയം കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജാതിസെന്‍സസ് ഭിന്നതയുടെ രാഷ്ട്രീയമാണ് ഉയര്‍ത്തുന്നതെന്ന ബിജെപിയുടെ വാദത്തിന് വലിയ സ്വീകാര്യത കിട്ടുന്നുമുണ്ട്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് പ്രതീക്ഷയോടെ കൊണ്ടുവന്ന ഇന്‍ഡി മുന്നണി തകര്‍ന്ന് തരിപ്പണമായത് ഈ പാര്‍ട്ടികളുടെയെല്ലാം ഭാവിയെ അനിശ്ചിതത്വത്തിലാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
രാജസ്ഥാനില്‍ ഗെഹ്ലോട്ട്-സച്ചിന് പോര്, മധ്യപ്രദേശില്‍ ദിഗ്വിജയ്-കമല്‍നാഥ് ഏറ്റുമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പുറമേയാണ് ഇന്‍ഡി മുന്നണിയിലെ എല്ലാ പാര്‍ട്ടികളെയും പിണക്കിയത് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍. ആപ്പ്, എസ്പി, ജെഡിയു പാര്‍ട്ടികള്‍ ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒരു പാര്‍ട്ടിയും ഇടതുപാര്‍ട്ടികളെ കൂടെ കൂട്ടാനും തയാറായില്ല.
സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ബിജെപിയെ പരിഗണിക്കാത്ത തെലങ്കാനയിലും സ്ഥിതി മാറുന്നതിന്റെ സൂചനകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. പിന്നാക്ക മേഖലകളില്‍ ബിജെപി നേടിയ വിശ്വാസ്യതയും സംഘടനാശേഷിയും പവന്‍കല്യാണിന്റെ ജനസേനയുമായുള്ള സഖ്യവുമെല്ലാം ബിജെപിയുടെ സാധ്യതകളാണ്. 2024ലെ ലോക്സഭയിലും മോദി മാജിക് തന്നെയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: