ബംഗ്ലാദേശ് കവിത വികൃതമാക്കിയെന്ന് ആരോപിച്ച് സംഗീത സംവിധായകന് എആര്‍ റഹ്മാനെതിരെ പ്രതിഷേധം. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 10ന് റിലീസ് ചെയ്ത പിപ്പ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനമാണ് പ്രതിഷേധത്തിനിരയായത്. ബംഗ്ലാ കവി നസ്റൂള്‍ ഇസ്ലാമിന്റെ കവിതയാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.. ഈ കവിതയെ വികൃതമാക്കിയെന്നാണ് ആരോപണം. കവിയുടെ കുടുംബവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
‘കവിതയുടെ താളത്തിലും ഈണത്തിലും മാറ്റം വരുത്തി, പുതിയ ആലാപന രീതി ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണ്, സിനിമയില്‍ ഗാനം ഉപയോഗിക്കുന്നതിന് കവിയുടെ അമ്മ സമ്മതിച്ചുവെങ്കിലും ട്യൂണില്‍ മാറ്റം വരുത്താന്‍ സമ്മതിച്ചിരുന്നില്ല, ഈ ഗാനം അനീതിയാണ്’ എന്നെല്ലാമാണ് കവിയുടെ ചെറുമകനായ ഖാസി അനിര്‍ബന്‍ ആരോപിച്ചിരിക്കുന്നത്.
നസ്റൂള്‍ ഇസ്ലാമിന്റെ ചെറുമകള്‍ അനിന്ദിത ഖാസിയും മാറ്റങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നിന്ന് പാട്ട് നീക്കം ചെയ്യണമെന്നാണ് ഇവരും ആവശ്യപ്പെട്ടിരിക്കുന്നത്. കവിയുടെ മറ്റൊരു കൊച്ചുമകളായ ബംഗ്ലാദേശി ഗായിക ഖില്‍ഖില്‍ ഖാസിയും നവംബര്‍ 12 ന് കൊല്‍ക്കത്ത സന്ദര്‍ശന വേളയില്‍ മാറ്റങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ചിരുന്നു.
നസ്റുല്‍ ഇസ്ലാം 1899ല്‍ പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാന്‍ ജില്ലയിലാണ് ജനിച്ചത്. ‘നസ്റുല്‍ ഗീതി’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ബംഗാളില്‍ വളരെ ജനപ്രിയമാണ്,
നസ്റൂള്‍ ഇസ്ലാമിന്റെ കവിതകള്‍ 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തില്‍ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നു.അതിനാലാണ് ബംഗ്ലാദേശ് വിമോചനത്തിന് വഴിവച്ച ഇന്ത്യന്‍ സൈനിക ഇടപെടല്‍ ചിത്രീകരിക്കുന്ന പിപ്പ എന്ന ചിത്രത്തില്‍ ഇദ്ദേഹത്തിന്റെ കവിത ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: