കിളിമാനൂര്‍: പാവപ്പെട്ടവരുടെ വീടെന്ന സ്വപ്ന സാക്ഷാല്‍ക്കാരത്തിന് ലക്ഷ്യമിട്ട് മടവൂര്‍ തുമ്പോട് സീമന്തപുരത്ത് ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മാണമാരംഭിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം മൂന്നു വര്‍ഷമായിട്ടും എങ്ങുമെത്താതെ കിടക്കുന്നു. ”മുഖ്യമന്ത്രി നിങ്ങള്‍ക്കിത് നാണക്കേടാണെന്ന്…”മുന്‍ പഞ്ചായത്ത് മെമ്പര്‍മാരും നിലവിലെ മെമ്പര്‍മാരില്‍ ചിലരും നാട്ടുകാരില്‍ ഒരു വിഭാഗവും പറയുന്നു.
ഭൂരഹിത ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ, കഴിഞ്ഞ ത്രിതല തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2020 സപ്തംബര്‍ 24ന് കൊട്ടിഘോഷിച്ച് തറക്കല്ലിട്ടതായിരുന്നു മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ തുമ്പോട് സീമന്തപുരത്തെ ഫ്ലാറ്റ് നിര്‍മാണം. അന്നത്തെയും ഇപ്പോഴത്തെയും മുഖ്യമന്ത്രിയായ പിണറായി വിജയനാണ് അന്ന് തറക്കല്ലിടല്‍ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. റവന്യു ഭൂമിയായിരുന്ന ഒരേക്കര്‍ ഇരുപത്സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്താണ് ലൈഫ് ഭവനപദ്ധതിക്ക് തറക്കല്ലിട്ടത്. സ്വന്തമായി ഭൂമി ഇല്ലെങ്കില്‍ ഉചിതമായ റവന്യു ഭൂമി കാട്ടിക്കൊടുക്കാന്‍ ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ തന്നെ ആദ്യമായി മടവൂര്‍ പഞ്ചായത്ത് ഭൂമി കണ്ടെത്തി നല്‍കുകയായിരുന്നു.
അടുത്ത സമയം വരെ അടിത്തറയ്ക്ക് വേണ്ടി കെട്ടിയ കമ്പി മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് കിടക്കുകയായിരുന്നു .അതിപ്പോള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ട നിലയിലായി. മടവൂര്‍ പഞ്ചായത്തില്‍ തന്നെ ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ 52 പേരോളമുണ്ട്. 36 പേരുടെ പട്ടികയ്ക്കാണ് ആദ്യ അംഗീകാരം ലഭിച്ചത്. ഫഌറ്റ് സമുച്ചയം പണിയുന്ന വാര്‍ഡില്‍ 11 പേരുള്ളതായി മുന്‍ പഞ്ചായത്ത് മെമ്പര്‍ പറയുന്നു.
അതേസമയം നിലവിലെ പഞ്ചായത്ത് ഭരണസമിതി യാതൊരുവിധ ശുഷ്കാന്തിയും കാണിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ഫഌറ്റ് സമുച്ചയത്തിന് വേണ്ടി മുഖ്യമന്ത്രിയുടെയും മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെയും മറ്റ് ജനപ്രതിനിധികളുടെയും പേര് കൊത്തിയ ശിലാഫലകം തകര്‍ന്ന് തടികള്‍ക്കിടയില്‍ കിടക്കുകയാണ്. ഇപ്പോള്‍ ഈ സ്ഥലത്ത് സ്വകാര്യവ്യക്തികള്‍ തടികള്‍ ഇറക്കിയിട്ടിരിക്കുകയാണ്. വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്നവര്‍ ഇനി എന്താണ് ചെയ്യേണ്ട് എന്നാണ് ചോദിക്കുന്നത്.
കിളിമാനൂര്‍ ഗോവിന്ദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: