മലപ്പുറം: മലപ്പുറത്ത് നടന്ന ബിജെപി ന്യൂനപക്ഷമോര്‍ച്ച നവാഗത സംഗമവേദി വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന മുസ്ലിം സ്ത്രീകളുടെ സാന്നിധ്യത്താല്‍ വ്യത്യസ്തമായി. മലപ്പുറത്ത് ബിജെപിയുടെ സജീവപ്രവര്‍ത്തകയായ സുല്‍ഫത്ത് പറഞ്ഞത് ബിജെപിയില്‍ മുസ്ലിം സ്ത്രീകളുടെ പ്രാധാന്യം വര്‍ധിക്കുമെന്നാണ്. അതിന് കാരണം മോദിയെ ആത്മാര്‍ത്ഥക മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ മനസ്ലിലാക്കിയതുകൊണ്ടാണെന്ന് സുല്‍ഫത്ത് ചൂണ്ടിക്കാട്ടുന്നു.
പുതുതായി ബിജെപിയിലേക്ക് രംഗപ്രവേശം ചെയ്ത ഖമറുന്നീസ താന്‍ എന്തുകൊണ്ടാണ് ബിജെപി ആയി എന്ന് വേദിയില്‍ വിശദീകരിച്ചതും ജനങ്ങളെ ആകര്‍ഷിച്ചു. “കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ പലപ്പോഴും പേടിപ്പിച്ചുനിര്‍ത്തുന്ന ഒരു പ്രവണത പൊതുവേ കണ്ടുവരുന്നുണ്ട്. അത് കണ്ണുമടച്ച് വിശ്വസിക്കുകയാണ് സാധാരണക്കാര്‍. അതുകൊണ്ട് കേരളത്തിന്റെ രാഷ്‌ട്രീയമാണ് ശരിയാണെന്നാണ് പലരും വിശ്വസിക്കുന്നത്. അതേ സമയം മോദിജി ചെയ്യുന്ന പല നല്ല കാര്യങ്ങളും ഇവിടെ ആരും കാണാതെ വരുന്നുണ്ട്.”- ബിജെപിയിലേക്ക് പുതുതായി രംഗപ്രവേശം ചെയ്ത ഖമറുന്നീസ പറഞ്ഞു.
“ഇന്ന് ഇസ്ലാമിക രാജ്യങ്ങള്‍ പോലും മോദിജിയെ ബഹുമാനിക്കുന്നു. പിന്നെ എങ്ങിനെയാണ് അദ്ദേഹം ഇസ്ലാമിക വിരോധിയാകുന്നത്. ഇവിടെ ആടിനെ പട്ടിയാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഇവിടെ നടക്കുന്നത് വോട്ടിന് വേണ്ടിയുള്ള കളികളാണ്. അതിന് ഉത്തമ ഉദാഹരണമാണ് സുരേഷ് ഗോപി സാറിനെതിരായ പ്രചാരണം. അദ്ദേഹം സിനിമക്കാരനായി മാത്രം തുടര്‍ന്നിരുന്നെങ്കില്‍ പ്രശ്നമില്ല. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ വന്നപ്പോള്‍, അദ്ദേഹത്തിന് വോട്ട് കിട്ടുമെന്ന് കണ്ടപ്പോഴാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.” – ഖമറുന്നീസ പറഞ്ഞു.
“യൂണിഫോം സിവില്‍ കോഡ് (ഏക സിവില്‍ കോഡ്) പ്രധാനമന്ത്രി കൊണ്ടുവന്നപ്പോള്‍ കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പറഞ്ഞുപരത്തിയത് ഇത് ന്യൂനപക്ഷ വിരുദ്ധമാണെന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജവഹര്‍ലാല്‍ നെഹ്രു യൂണിഫോം സിവില്‍ കോഡ് (ഏക സിവില്‍ കോഡ്) ഇവിടെ വരണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ ഉള്ളത്. (രാജ്യത്തിനു മുഴുവൻ ബാധകമായ, ഏകീകൃതമായ ഒരു സിവിൽ നിയമസംഹിത കരുപ്പിടിപ്പിക്കുക എന്നത് പ്രധാനമാണെന്ന് ഭരണഘടനയുടെ നിര്‍ദേശകതത്വത്തിലെ 44-ാം അനുച്ഛേദം പറയുന്നു. )
“അതുപോലെ ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ പോലും ഹമാസിനെ അനുകൂലിക്കുന്നില്ല. നമ്മള്‍ തീവ്രവാദത്തിന് എതിരാണ്. താലിബാനില്‍ ഒട്ടേറെ മനുഷ്യരുടെ ജീവന്‍ തീവ്രവാദം കാരണം പൊലിഞ്ഞപ്പോള്‍ ആരും ഇവിടെ ഒന്നും മിണ്ടിയില്ല. ഇന്നപ്പോള്‍ ഹമാസിന് വേണ്ടി ഇവിടെ പലരും ശബ്ദിക്കുകയാണ്.” ഖമറുന്നീസ പറഞ്ഞു.
മലപ്പുറം കളക്ട്രേറ്റിന് സമീപമാണ് യോഗം നടന്നത്. ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രവിയേട്ടന്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ നേതാവ് സത്താര്‍ ഹാജി, ദേശീയ കമ്മറ്റി അംഗം ആലി ഹാജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: