മലപ്പുറം: ഭാരതം പാലസ്തീനൊപ്പമാണെന്നും എന്നാല്‍ ഭീകരസംഘടനയായ ഹമാസിനെതിരാണെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മലപ്പുറം കളക്ട്രേറ്റിന് സമീപം നടന്ന ന്യൂനപക്ഷ മോര്‍ച്ച നവാഗത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലസ്തീന് നിലവില്‍ നല്കിക്കൊണ്ടിരുന്ന സഹായം അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളറായി ഉയര്‍ത്തിയത് നരേന്ദ്രമോദി സര്‍ക്കാരാണ്. ഭാരത-പാലസ്തീന് ബന്ധം ഇപ്പോഴും സുദൃഢമാണ്. ഹമാസ് മുസ്ലിങ്ങളുടെ ശത്രുവാണ്. അറബ് രാജ്യങ്ങള്‍ ഹമാസിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തില്‍ നിന്നും എംഎല്‍എയും എംപിയും ബിജെപിക്ക് ഉണ്ട്. ക്രൈസ്തവ എംഎല്‍എമാര്‍ ഏറ്റവും കൂടുതലുള്ള രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. എന്നിട്ടും ബിജെപി ന്യൂനപക്ഷ വിരുദ്ധ സംഘടനയാണെന്ന പ്രചാരണമാണ് ഇരുമുന്നണികളും കേരളത്തില്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വികസന വിരുദ്ധ രാഷ്ട്രീയത്തിന്റെ വാഗ്ദത്ത ഭൂമിയായി കേരളം മാറി. ജിഹാദികളുടെ കൈയടിക്ക് വേണ്ടിയാണ് ഇടത് സര്‍ക്കാര്‍ ബിജെപി നേതാക്കള്‍ക്ക് എതിരെ കള്ളക്കേസെടുക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് സത്താര്‍ ഹാജി കള്ളിയത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് പടമാടന് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് രവീതേലത്ത്, ദേശീയ സമിതി അംഗം പി.ടി. ആലിഹാജി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. കുഞ്ഞുമുഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗം അബിന്‍സ് ചിറ്റിലപ്പള്ളി, ബിജെപി മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, സംസ്ഥാന സമിതി അംഗങ്ങളായ കെ. ജനചന്ദ്രന്, ടി.പി. സുല്‍ഫത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബി. രതീഷ്, പി.ആര്. രശ്മില് നാഥ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ലിജോയ് പോള്‍, പി. സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് 70 പേര് കുടുംബാംഗങ്ങള്‍ക്കൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: