ന്യൂഡല്‍ഹി: മലിനീകരണം കുറക്കാന്‍ ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി. ഐ.ഐ.ടി കാണ്‍പൂരിലെ വിദഗ്ധരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് അദ്ദേഹത്തിന്റെ അറിയിപ്പ്.
നഗരത്തിലെ വായുഗുണനിലവാര സൂചിക അപകടകരമായ അവസ്ഥയിലേക്ക് എത്തിയതിന് പിന്നാലെയാണ് കൃത്രിമ മഴക്കുള്ള സാധ്യതയും ഡല്‍ഹി സര്‍ക്കാര്‍ പരിശോധിച്ചത്. മേഘാവൃതമായ കാലാവസ്ഥയാണെങ്കില്‍ 20നും 21നും ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കുമെന്ന് മന്ത്രി പറഞ്ഞു.
‘വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയുടെ സാധ്യതയെക്കുറിച്ച് ഐഐടി കാണ്‍പൂര്‍ ടീമുമായി ചര്‍ച്ച നടത്തി. ഐഐടി കാണ്‍പൂര്‍ യോഗത്തില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിച്ചു. വിശദമായ നിര്‍ദ്ദേശം സര്‍ക്കാരിന് അയയ്ക്കും. അവരുടെ അനുമതി ലഭിച്ചാല്‍ ഇത് സുപ്രീം കോടതിയില്‍ അവതരിപ്പിക്കും.’ ഗോപാല്‍ റായ് പറഞ്ഞു.
അതേസമയം അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകള്‍ക്ക് ശീതകാല അവധി നേരത്തെയാക്കി. നവംബർ ഒമ്പതു മുതൽ 18വരെയാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍- ജനുവരിയില്‍ ഉണ്ടാവാറുള്ള ശീതകാല അവധി നേരത്തെയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണം വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ട്. ഇതുകൂടി മുന്നിൽകണ്ടാണ് സംസ്ഥാന സർക്കാറിന്റെ നടപടി. മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് നിലവിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയിരുന്നു.
ഒരാഴ്ചയായി ഡൽഹിയിലെ അന്തരീക്ഷ വായു ഗുണ നിലാവര സൂചിക ഏറ്റവും മോശം അളവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആപ്പ് അടിസ്ഥാനത്തിലുള്ള ടാക്സി വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവംബർ 13 മുതൽ 20 വരെ സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും.
രജിസ്ട്രേഷന് നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഒറ്റ, ഇരട്ട അക്ക നമ്പറുകൾ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലെ നിരത്തിൽ ഇറക്കാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക