കോയമ്പത്തൂര്‍: മുപ്പത്തിയെട്ടാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ സി.വി. അനുരാഗ് വേഗമേറിയ പുരുഷ താരമായി. അണ്ടര്‍ 20 വിഭാഗത്തില്‍ 10.50 സെക്കന്‍ഡില്‍ പുതിയ മീറ്റ് റിക്കാര്‍ഡോടെയാണ് അനുരാഗ് സ്വര്‍ണം നേടിയത്. 2019-ല്‍ ലൗപ്രീത് സിങ് സ്ഥാപിച്ച 10.60 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് പഴങ്കഥയായത്. 10.54 സെക്കന്‍ഡില്‍ വെള്ളി നേടിയ മഹാരാഷ്ട്രയുടെ ഹര്‍ഷ് റൗത്ത് 10.58 സെക്കന്‍ഡില്‍ വെങ്കലം നേടിയ ഒഡീഷയുടെ ദൊന്‍ഡപതി ജയറാം എന്നിവരും നിലവിലെ റിക്കാര്‍ഡ് മറികടന്നു. മറ്റൊരു മലയാളി താരമായ പി. മുഹമ്മദ് ഷാന്‍ നാലാമതായി.
ഇതേ വിഭാഗം വനിതകളില്‍ ഹരിയാനയുടെ ഭവ്നയാണ് വേഗമേറിയ താരം. 11.55 സെക്കന്‍ഡില്‍ മീറ്റ് റിക്കാര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. 2019-ല്‍ കര്‍ണാടകയുടെ എ.ടി. ധനേശ്വരി സ്ഥാപിച്ച 11.76 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് ഹരിയാന താരം മറികടന്നത്. കേരളത്തിന്റെ വി. നേഹ 11.78 സെക്കന്‍ഡില്‍ വെള്ളിയും ഗുജറാത്തിന്റെ സാക്ഷി ചവാന് 11.87 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 10000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ബിലിന് ജോര്‍ജ് ആന്റോ 42 മിനിറ്റ് 45.25 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ വി.എസ്. അനുപ്രിയ വെള്ളി നേടി. 16.70 മീറ്റര്‍ എറിഞ്ഞ അനുപ്രിയക്ക് മുന്നിലായി 16.75 മീറ്റര്‍ എറിഞ്ഞ പഞ്ചാബിന്റെ ഗുര്‍ലീന്‍ കൗര്‍ സ്വര്‍ണമണിഞ്ഞു. രണ്ടുപേരും നിലവിലെ റിക്കാര്‍ഡ് മറികടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: