സ്വാതന്ത്ര്യാനന്തര ഭാരതത്തെ മുന്നോട്ടു നയിക്കുവാന്‍ പ്രധാനമന്ത്രി നെഹ്റു തെരഞ്ഞെടുത്ത ജനാധിപത്യ-സോഷ്യലിസം പരാജയപ്പെട്ടു. അതവസാനിപ്പിക്കുവാന്‍ പുത്രി ഇന്ദിര തന്നെ ശ്രമിക്കുകയും പ്രധാനമന്ത്രി നരസിംഹറാവൂ അതിന് അന്ത്യം കുറിക്കുകയും ചെയ്തു. റാവൂ തൊണ്ണൂറുകളില്‍ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങള്‍ ഭൗതിക ലോകവുമായി ഭാരതത്തെ ബന്ധപ്പെടുത്തി. എന്നാല്‍ രാജ്യത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുവാനോ പരസ്പരം മാനസിക ഐക്യം വളര്‍ത്തുവാനോ മുതലാളിത്ത വ്യവസ്ഥയ്‌ക്ക് സാധിക്കുന്നില്ല. ഭാരതം അഭിമുഖീകരിച്ചിരുന്ന ആശയ-നേതൃപ്രതിസന്ധിക്ക് 2014ല്‍ നരേന്ദ്ര മോദിയിലൂടെയും ഹിന്ദുത്വ ദേശീയതയിലൂടെയും ബിജെപി പരിഹാരം കണ്ടെത്തി. എന്നാല്‍ ബിജെപി മുന്നോട്ടുവെയ്‌ക്കുന്നത് മതരാഷ്‌ട്രവാദമാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാലൊരു മതരാഷ്‌ട്രമല്ല, മറിച്ചു ഒരു ധര്‍മരാഷ്‌ട്ര സ്ഥാപനമാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയെ നയിക്കുന്നത് മതാശയങ്ങളല്ല മറിച്ചു ഏകാത്മ മാനവ ദര്‍ശനമാണ്. അത് ധര്‍മ്മരാഷ്‌ട്ര സങ്കല്‍പ്പത്തിധിഷ്ഠിതമാണ്. അതിന്റെ ആത്മാവ് ഹിന്ദുത്വമാണ്. അതിനെ നയിക്കുന്നത് ധര്‍മമാണ്.
എന്താണ് ഏകാത്മ മാനവദര്‍ശനം? അത് സംയോജനത്തിന്റെ ആശയമാണ്. മനുഷ്യനും മനുഷ്യനും തമ്മില്‍, മനുഷ്യനെയും പ്രകൃതിയെയും തമ്മില്‍, അങ്ങനെ സമസ്ത ജീവജാലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണത്. അതിന്റെ അടിസ്ഥാനം ധര്‍മമാണ്. കാരണം ധര്‍മത്തിനു മാത്രമേ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ സമാജത്തില്‍ നിരവധി വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും ആ വൈവിധ്യങ്ങളുടെ അടിസ്ഥാനവും, സ്വഭാവവും, ഭംഗിയും നഷ്ടപ്പെടുത്താതെ അതിനെ ഭാരതമെന്ന ഒരു കുടക്കീഴില്‍ ഏകവികാരമായി ഏകോപിപ്പിക്കുവാനാണ് അത് ലക്ഷ്യമിടുന്നത്. ഭാരതത്തെ സ്വയം പര്യാപ്തമാക്കുവാനും വളര്‍ത്തുവാനും അത് താല്പര്യപ്പെടുന്നു. ഭാരതത്തിന് സ്വന്തമായി ഒരു സാമ്പത്തിക വളര്‍ച്ചാമാതൃക വളര്‍ത്തിയെടുക്കുവാന്‍ അതാഗ്രഹിക്കുന്നു. അതിനാല്‍ ചൂഷണത്തിനും അമിത ലാഭത്തിനും ഭൗതിക താല്പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പാശ്ചാത്യ സൃഷ്ടിയായ മുതലാളിത്തത്തെയും പരസ്പര സംഘര്‍ഷത്തിലൂടെ സമാജത്തിന്റ വളര്‍ച്ച ലക്ഷ്യംവയ്‌ക്കുന്ന, ഭൗതിക ജീവിതത്തിന് മാത്രം ഊന്നല്‍ കൊടുക്കുന്ന ഏകാധിപത്യ മാര്‍ക്‌സിസ്റ്റ് -സോഷ്യലിസത്തിനെയും അത് എതിര്‍ക്കുന്നു.
ഏകാത്മ മാനവ ദര്‍ശനത്തിന്റെ സ്രഷ്ടാവ് ചിന്തകനും സംഘാടകനുമായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയാണ്. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവ ചേരുന്നതാണ് ഒരു മനുഷ്യനെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ നാല് ഘടകങ്ങളും ഒപ്പം അര്‍ത്ഥം അല്ലെങ്കില്‍ സമ്പത്ത്, ധര്‍മ്മം അല്ലെങ്കില്‍ കടമകള്‍, കാമം അല്ലെങ്കില്‍ ആഗ്രഹം, മോക്ഷം അല്ലെങ്കില്‍ സമ്പൂര്‍ണ വിമോചനം എന്നിവ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ധര്‍മമാണ് മനുഷ്യരാശിയുടെ അടിസ്ഥാനം. നമ്മുടെ അത്യന്തികമായ ലക്ഷ്യമാവട്ടെ മോക്ഷവും. അതുകൊണ്ട് തന്നെ പശ്ചാത്യ നിര്‍മിതമായ മുതലാളിത്ത വ്യവസ്ഥയെയും കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥയെയും അത് നിശിതമായി എതിര്‍ക്കുന്നു. കാരണം ഇരു സിദ്ധാന്തങ്ങളും വ്യക്തി കേന്ദ്രീകൃതമായ സമൂഹത്തെ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നു. കുടുംബം, സമൂഹം, മൂല്യങ്ങള്‍ എന്നിവയെ എതിര്‍ക്കുന്നു. അത് മനുഷ്യന്റെ ശരീരത്തിനും മനസിനും മാത്രമേ പ്രാധാന്യം നല്‍കുന്നുള്ളൂ. മാത്രമല്ല ഭൗതിക താല്പര്യങ്ങള്‍ക്ക് മനുഷ്യനെ അമിതമായി ഉത്തേജിപ്പിക്കുന്നു. ഇതാണ് ആഗോള പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണവും. എന്നാല്‍ ഏകാത്മ മാനവദര്‍ശനം രൂപപ്പെടുത്തിയത് ആദിശങ്കരാചാര്യരുടെ അദൈ്വത ചിന്തയെ അടിസ്ഥാനമാക്കിയാണ്. അതിന് ധര്‍മത്തിന്റെ അടിത്തറയുണ്ട്. അദൈ്വത ചിന്ത ‘ഏകത്വ’ത്തില്‍ വിശ്വസിക്കുന്നു. എല്ലാം ഒന്നാണ് രണ്ടല്ല എന്നതാണ് അതിന്റെ സത്ത. സമാജത്തിലെ സമസ്ത വസ്തുക്കളും വ്യത്യസ്തമാണ്. എന്നാല്‍ അവയെല്ലാം ഒരു ഉറവിടത്തില്‍ നിന്നും വരുന്നുവെന്ന് അദൈ്വത ചിന്ത പഠിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വൈവിധ്യത്താല്‍ സമ്പന്നമായ ഭാരതത്തെ ഏകമായി നിലനിര്‍ത്തുകയെന്നതാണ് അദൈ്വത ചിന്തയില്‍ നിന്നും രൂപപ്പെടുത്തിയ ഏകാത്മ മാനവദര്‍ശനത്തിന്റെയും ലക്ഷ്യം.
ഏകാത്മ മാനവ ദര്‍ശനം ‘സ്വദേശി’ കാഴ്ചപ്പാടിനും രാഷ്‌ട്രീയ ധാര്‍മികതയ്‌ക്കും പ്രാധാന്യം നല്‍കുന്നു. ‘സ്വദേശി’ ചിന്തയുടെ പൂര്‍ത്തികരണമാണ് ആത്മനിര്‍ഭര്‍ഭരതയിലൂടെയും സ്വന്തമായ കൊവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെയും നാം അഭിമാനിച്ചത്. അഴിമതി പുരളാതെയുള്ള പത്ത് വര്‍ഷത്തെ ഭരണം ഈ രാഷ്‌ട്രീയ ധാര്‍മികതയുടെ ഉദാഹരണമാണ്. പാശ്ചാത്യ ആശയങ്ങള്‍ കടമെടുത്ത നെഹ്റുവിന്റെ കാഴ്ചപ്പാടിനെ ഏകാത്മ മാനവ ദര്‍ശനം തള്ളിക്കളഞ്ഞു. രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധി സ്വപ്‌നം കണ്ടതും മറ്റൊന്നായിരുന്നില്ല. അദ്ദേഹം അതിനെ രാമരാജ്യമെന്ന് വിളിച്ചു. രാമരാജ്യം കേവലമൊരു മതരാജ്യമല്ല. ധര്‍മരാജ്യമായിരുന്നു. അവിടെ ഏതെങ്കിലും മതാശയങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല. ഗാന്ധിയും സ്വദേശി സംവിധാനത്തിന് വേണ്ടി നിലകൊണ്ടു. ആധുനികതയെന്ന പേരില്‍ നടപ്പിലാക്കിയ പാശ്ചാത്യവത്കരണത്തെ എതിര്‍ത്തു. രണ്ട് മഹാത്മാക്കളുടെയും ചിന്തകള്‍ പരിശോധിച്ചാല്‍ ഇരുവരും പാശ്ചാത്യ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായൊരു പുതിയപാത ഭാരതത്തിന് വേണ്ടി രൂപപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണാം. അതുകൊണ്ടുതന്നെ ലോക സമൂഹത്തിന് വ്യത്യസ്തമായൊരു പാത തെളിയിച്ചു കൊടുക്കുവാന്‍ നമുക്കാവണം. അതിനുള്ള ശക്തി ഭാരതത്തിനുണ്ട്. അതിലേക്കുള്ള ആശയ പാദയാണ് ബിജെപിയെ നയിക്കുന്ന ഏകാത്മ മാനവ ദര്‍ശനം.
ആശങ്ക വേണ്ട
2024ല്‍ ഭാരതം ഹിന്ദുമത രാഷ്‌ട്രമായി മാറുമോ എന്ന സംശയത്തിനും ഭയത്തിനും ഇവിടെ അടിസ്ഥാനമില്ല. ഹിന്ദു ദര്‍ശനത്തിന് ഒരു മതത്തിന്റെ ചട്ടക്കൂടില്ല. സെമറ്റിക് മതങ്ങളെ പോലെ ഏകദൈവമില്ല, ഏക വിശുദ്ധഗ്രന്ഥമില്ല, കര്‍ക്കശമായ നിയമാവലികളില്ല. അതുകൊണ്ടുതന്നെ ഹിന്ദുത്വത്തെ ഒരു മത ചട്ടക്കൂടില്‍ ഒതുക്കുവാനോ ഒരു മതമാക്കി ചുരുക്കുവാനോ ആര്‍ക്കും സാധിക്കില്ല. ധര്‍മാമാണ് ഭാരതത്തെ നയിക്കുന്നത്. അത് മതങ്ങളെ പോലെ മനുഷ്യരെ വേര്‍തിരിക്കുന്നില്ല. അഥവാ അപരവത്കരണം നടത്തുന്നില്ല. പകരം എല്ലാവരെയും കൂട്ടിയിണക്കുന്നു. ഈ ധര്‍മത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിനും സമാനമായ സ്വഭാവം തന്നെയാണ്. ധര്‍മത്തിലധിഷ്ഠിതമാണ് ബിജെപിയുടെ ആശയമായ ഏകാത്മ മാനവ ദര്‍ശനവും. ഭാരതത്തിന്റെ പരംവൈഭവമാണ് അതിന്റെ ലക്ഷ്യം, ഒപ്പം ലോകത്തിന്റെ ക്ഷേമവും. (അവസാനിച്ചു)
(ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: