ഭുജ്(ഗുജറാത്ത്): ആര്‍എസ്എസ് ശതാബ്ദിയില്‍ അഞ്ച് പ്രത്യേക വിഷയങ്ങളിലൂന്നി സമാജപരിവര്‍ത്തനം സാധ്യമാകണമെന്നതാണ് കാര്യകാരി മണ്ഡല് ചര്‍ച്ച ചെയ്തതെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതിവിവേചനം, അയിത്തം തുടങ്ങിയവ ഇല്ലാതാക്കി എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് സാമാജിക സമരസത സാധ്യമാക്കുകയാണ് ഒരു കാര്യം. സമാജത്തിനും സംസ്കൃതിക്കും വേണ്ടി അടുത്ത തലമുറയെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബ പ്രബോധനം എന്നതാണ് രണ്ടാമത്തേത്, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക്കിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെ കാഴ്ചപ്പാടില്‍ സമാജത്തെ സജ്ജമാക്കുന്നതിന് പരിശ്രമിക്കും. ജോധ്പൂരില്‍ 45 ദിവസം കൊണ്ട് 14000 കിലോമീറ്റര്‍ പരിസ്ഥിതി സംരക്ഷണസന്ദേശവുമായി പ്രവര്‍ത്തകര്‍ യാത്ര ചെയ്ത് 12 ലക്ഷത്തിലേറെ വൃക്ഷത്തൈകള്‍ നട്ടത് ഇതിന്റെ ഭാഗമാണ്. സ്വദേശി ജീവിതത്തില്‍ ആവിഷ്കരിക്കണം. മാതൃഭാഷ, സംസ്കൃതി എന്നിവയിലെല്ലാം ഈ സ്വദേശി ജീവിത ശൈലി പ്രകടമാകണം. ഭരണഘടനയെയും നിയമങ്ങളെയും മൂല്യവ്യവസ്ഥയെയും അംഗീകരിക്കുന്ന പൗരബോധം എല്ലാവരിലും വളര്‍ത്തുകയാണ് അഞ്ചാമത്തെ വിഷയം. പൗരന് രാഷ്ട്രത്തോട് നിര്‍വഹിക്കാന്‍ കര്‍ത്തവ്യമുണ്ടെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങളില്‍ സുരക്ഷയുടെയും ക്ഷേമത്തിന്റെയും കാഴ്ചപ്പാടില്‍ ജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനം വേണമെന്ന് കാര്യകാരിമണ്ഡല്‍ ചര്‍ച്ച ചെയ്തു. സീമാ ജാഗരണ്‍ മഞ്ച് എന്ന സംവിധാനത്തിലൂടെ അതിര്‍ത്തിയിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം സ്വാവലംബനം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മുമ്പ് അതിര്‍ത്തികള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്ന സര്‍ഹത് കോ പ്രണാം എന്ന പരിപാടി നടത്തിയിരുന്നു. അതിര്‍ത്തി സുരക്ഷിതമാണെങ്കില്‍ ദേശമാകെ സുരക്ഷിതമായിരിക്കും. ഈ ഗൗരവം അതിര്‍ത്തി ഗ്രാമങ്ങളിലെ പദ്ധതികളിലും പരിപാടികളിലും വേണം, സര്‍കാര്യവാഹ് പറഞ്ഞു.
സംഘശിക്ഷാ വര്‍ഗ് പാഠ്യപദ്ധതിയില്‍ മാറ്റം
ആര്‍എസ്എസ് പരിശീലന ശിബിരങ്ങളായ സംഘശിക്ഷാവര്‍ഗുകളിലെ പാഠ്യക്രമങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് അഖിലഭാരതീയ കാര്യകാരിമണ്ഡല്‍ ബൈഠക്കില്‍ ചര്‍ച്ച ചെയ്തുവെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ശാരീരിക്, ബൗദ്ധിക് കാര്യക്രമങ്ങള്‍ക്ക് പുറമെ സമാജജീവിതത്തിന്റെ വിവിധ മേഖലകളില്‍ എത്തി പ്രായോഗികമായ പരിശീലനം നേടുന്നതിനും സമയം കണ്ടെത്തും. ശതാബ്ദിയോടെ എല്ലാ മണ്ഡലങ്ങളിലും ശാഖാപ്രവര്‍ത്തനം എത്തും. 59,060 സംഘ മണ്ഡലങ്ങളാണ് രാജ്യത്ത് ആകെയുള്ളത്. നിലവില്‍ 38,000 മണ്ഡലങ്ങളിലാണ് പ്രവര്‍ത്തനമുള്ളത്. ദിവസവും നടക്കുന്നതും ആഴ്ചയില്‍ നടക്കുന്നതുമായ ശാഖകളുടെ നിലവിലെ എണ്ണം 95528 ആണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: