ദേവാസ്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് കോണ്‍ഗ്രസ് മുമ്പ് എതിര്‍ത്തിരുന്നുവെന്നും ക്ഷേത്രം പണിയാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കില്‍ 1947ല്‍ തന്നെ അത് നിര്മ്മിച്ചേനെയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
1947ല്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അത് വേണമെന്നായിരുന്നു എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അത് നിരസിച്ചെന്ന് മധ്യപ്രദേശിലെ ഖത്തേഗാവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.
കോണ്‍ഗ്രസ് അയോധ്യയിലെ രാമക്ഷേത്രത്തെ എതിര്‍ത്തുകൊണ്ടേയിരുന്നു, പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞുതുടങ്ങി, രാമന് ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന്. ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടി, രാജ്യത്തെ വീരന്മാരെയും പ്രചോദനത്തിന്റെ പ്രതീകത്തെയും തള്ളിക്കളഞ്ഞാല്‍, അവരെ തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതിന്റെ പൂര്‍ണ ക്രെഡിറ്റ് ബിജെപിക്ക് ഏറ്റെടുക്കാനാകില്ലെന്ന മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധി 1986ല്‍ ബാബറി മസ്ജിദ് തര്‍ക്കഭൂമിയിലെ താല്‍ക്കാലിക രാമക്ഷേത്രത്തിന്റെ പൂട്ടുകള്‍ തുറന്നത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കിയെന്നും കമല്‍നാഥ് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നെഹ്റു കുടുബവാഴ്ചയ്ക്കുമേലെയും യോഗി രൂക്ഷമായി വിമര്‍ശിച്ചു. അന്ന് നക്സലിസവും ഭീകരവാദവും വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു, അഴിമതിയും വ്യാപകമായിരുന്നു. അക്കാലത്ത് രാഷ്ട്രത്തോടുള്ള ആകുലതയ്ക്ക് പകരം ഒരു കുടുംബത്തോടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
ആ ഒരു കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിനെ വേര്‍പെടുത്താനാകില്ലെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രശ്നങ്ങളും പര്യായപദങ്ങളായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. നവംബര്‍ 17ന് ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: