ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഐയും ഒരുമിച്ച് മത്സരിക്കും. സിപിഎമ്മിനെ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സിപിഐയുമായി സമവായത്തിലെത്തിയത്. ഖമ്മം ജില്ലയിലെ കൊത്തഗുഡേം നിയോജക മണ്ഡലത്തിലെ സീറ്റ് കോണ്‍ഗ്രസ് സിപിഐക്ക് വിട്ടുകൊടുത്തു.
തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി, സിപിഐ സംസ്ഥാന സെക്രട്ടറി കുനംനേനി സാംബശിവ റാവു ഉള്‍പ്പെടെയുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ധാരണയായത്.
ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് സിപിഐക്ക് വിട്ട് നല്കിയത്. സംസ്ഥാനത്ത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഭരണത്തിലെത്താതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരു വിഭാഗവും അറിയിച്ചു. പ്രചാരണ പരിപാടികളും ഒന്നിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് രണ്ട് സിപിഐ അംഗങ്ങളെ നിര്‍ദേശിക്കുമെന്ന ഉറപ്പും കോണ്‍ഗ്രസ് സിപിഐക്ക് നല്കിയിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. അവസാന നിമിഷം വരെ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനമുണ്ടകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: