കൊല്‍ക്കത്ത: കരുത്തന് ടീം ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തകര്‍ത്ത് 13-ാം ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതത്തിന്റെ വിജയക്കുതിപ്പ്. തുടര്‍ച്ചയായ എട്ടാം ജയത്തോടെ 16 പോയിന്റ് സ്വന്തമാക്കിയ ഭാരതം ഒന്നാം സ്ഥാനം ശക്തമായി നിലനിര്‍ത്തി. വമ്പന്‍ ജയത്തോടെ റണ്‍നിരക്കിലും മറ്റെല്ലാ ടീമിനെക്കാളും ബഹുദൂരം മുന്നിലെത്താന്‍ ഭാരതത്തിന് സാധിച്ചു.
സ്കോര്‍: ഭാരതം- 326/5(50), ദക്ഷിണാഫ്രിക്ക- 83/10(27.1)
ബാറ്റിങ്ങിന് ദുഷ്കരമായ ഈഡന് ഗാര്‍ഡനിലെ വേഗത കുറഞ്ഞ പിച്ചില്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും(101*) ശ്രേസ്സ് അയ്യരുടെ(77) അര്‍ദ്ധ സെഞ്ചുറി മികവിന്റെയും ബലത്തിലാണ് ഭാരതം 300നപ്പുറമുള്ള ടോട്ടല്‍ പടുത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന് രോഹിത് ശര്‍മ്മ തുടക്കത്തിലേ നടത്തിയ വെടിക്കെട്ട് പ്രകടന(24 പന്തില്‍ 40)ത്തിലൂടെ ഭാരതത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു. പിന്നീട് കളി പുരോഗമിക്കുന്തോരും പിച്ച് ബോളിങ്ങിന്അനുകൂലമായിക്കൊണ്ടിരുന്നു. ഈ സമയത്തെല്ലാം രോഹിത്തിന്റെ ഗംഭീര തുടക്കം ഭാരതത്തിന് മുതല്‍കൂട്ടായി. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവും(22) രവീന്ദ്ര ജഡേജയും(29*) ഭാരതത്തിന് വിലപ്പെട്ട സംഭാവന നല്കി.
ഭാരത സ്കോര്‍ എത്തിപിടിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കരുത്തന് ബാറ്റിങ് നിരയെ അഞ്ച് വിക്കറ്റ് പ്രകടനത്തിലൂടെ ജഡേജ ചുട്ടെരിച്ചു. ലോകകപ്പില്‍ ഭാരത സ്പിന്നറുടെ മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇന്നലത്തേത്. 2011ല്‍ യുവരാജ് സിങ്ങ് അയര്‍ലന്‍ഡിനെതിരെ കൈവരിച്ച 5/31 ആണ് ഏറ്റവും മികച്ചത്. ഒമ്പത് ഓവറില്‍ 33 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് നേടിയത്.
പതിവുപോലെ പേസര്‍മാര്‍ എതിര്ബാറ്റിങ്നിരയുടെ മുന്‍നിരയ്ക്ക് പ്രഹരമേല്‍പ്പിച്ചാണ് ഇന്നലെയും തുടങ്ങിയത്. ബാറ്റര്‍മാര്‍ക്ക് അവസരം കൊടുക്കാത്ത പ്രകടനവുമായി ജസ്പ്രീത് ബുംറയും വിക്കറ്റുകളെയ്തുകൊണ്ട് സിറാജും തുടങ്ങിവച്ചു. മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 14 റണ്‍സെടുത്ത മാര്‍കോ ജാന്സെന് ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: