സിയോനി: അഞ്ച് വര്‍ഷത്തേക്ക പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ റേഷന്‍ പദ്ധതി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചു ഊന്നി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ സിയോനിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഞാന്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി, ദാരിദ്ര്യം എന്താണെന്ന് പുസ്തകങ്ങളില്‍ വായിക്കേണ്ടതില്ല. പാവപ്പെട്ടവന്റെ വേദന എനിക്ക് അനുഭവിക്കാന്‍ കഴിയും. അതിനാല്‍, നിങ്ങളുടെ ഈ മകന്‍, നിങ്ങളുടെ സഹോദരന്‍, തന്റെ മനസ്സില്‍ ഒരു വലിയ തീരുമാനമെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ഡിസംബറില്‍ പൂര്‍ത്തിയാകും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഞങ്ങള്‍ സൗജന്യ റേഷന്‍ ഉറപ്പ് നല്‍കുകയാണെന്ന് അദേഹം പറഞ്ഞു.
സൗജന്യ റേഷന്‍ പദ്ധതിയുടെ വിപുലീകരണം മോദിയുടെ ഗ്യാരണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ബിജെപിയാണ്, ഇവിടെ ദരിദ്രരും, പിന്നാക്കക്കാരും, ദലിതരും, വനവാസികളും ഉള്‍പ്പെടെ എല്ലാവരും ബിജെപി കുടുംബത്തിലെ അംഗമാണ്, എന്റെ കുടുംബത്തിലെ ഒരു അംഗമാണ്. സര്‍ക്കാരിന്റെ മികവിനെ കുറിച്ച് പറയുന്നതിനൊപ്പം കോണ്‍ഗ്രസിനെയും അദേഹം രൂക്ഷമായി വിമര്‍ശിച്ചു.
കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ മുദ്രാവാക്യം തന്നെ ‘ഗരീബ് കെ ജെബ് സാഫ്, കാം ഹാഫ് സേ ഭി ഹാഫ്’ എന്നാണ്. അതായത് കോണ്‍ഗ്രസ് വികസനത്തിനായി പ്രവര്‍ത്തിക്കുന്നില്ല, എന്നാല്‍ ഇത് തീര്‍ച്ചയായും പാവപ്പെട്ടവരുടെ പോക്കറ്റുകള്‍ കാലിയാക്കുന്നുവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് വ്യത്യസ്തമായി ബിജെപി ഭരണം ഒരു അഴിമതിക്കും സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2014ന് മുമ്പ് കോണ്‍ഗ്രസ് നടത്തിയത് ലക്ഷങ്ങളുടെയും കോടികളുടെയും വിലയുള്ള അഴിമതിയാണ്. എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ അഴിമതികളൊന്നുമില്ല. പാവപ്പെട്ടവരുടെ പേരില്‍ ലാഭിക്കുന്ന പണം അവരുടെ റേഷന്‍ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നു. അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസവും ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തേക്കാള്‍ വലുതല്ല ആരും. കോണ്‍ഗ്രസ് അധികാരം ഏറ്റെടുക്കുന്നിടത്ത് സര്‍ക്കാര്‍ പദ്ധതികള്‍, റോഡുകള്‍, തെരുവുകള്‍… എല്ലാം ആ കുടുംബത്തിന്റെ പേരിലാണ്. മധ്യപ്രദേശിന്റെ പ്രകടനപത്രികയില്‍ ആ കുടുംബത്തെ മാത്രമേ കാണാനും സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് സ്വന്തമായി ഭാവിയോ മധ്യപ്രദേശിലെ യുവാക്കളുടെ ഭാവിയോ സംബന്ധിച്ച് മാര്‍ഗരേഖ ഇല്ല. ഇന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ മുത്തശ്ശിമാര്‍ ചെയ്തതിന്റെ പേരിലാണ് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജനവിധി ബിജെപിക്കൊപ്പമാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി മോദി സംസ്ഥാനത്തിന് നല്ല ഭരണത്തിലും വികസനത്തിലും തുടര്‍ച്ച ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ബിജെപി വിജയിക്കുമെന്നത് ജനങ്ങളുടെ ഉറപ്പാണ് നമ്മുടെ മധ്യപ്രദേശിന് നല്ല ഭരണത്തിലും വികസനത്തിലും തുടര്‍ച്ച ആവശ്യമാണ്. സംസ്ഥാനം മുഴുവന്‍ പറയുന്നത് ബിജെപി ഉണ്ടെങ്കില്‍ വിശ്വാസമുണ്ട്, ബിജെപി ഉണ്ടെങ്കില്‍ വികസനമുണ്ട്, ബിജെപി ഉണ്ടെങ്കില്‍ മെച്ചപ്പെട്ട ഭാവി ഉണ്ടെന്നാണ്. മധ്യപ്രദേശിലെ ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളും ഉള്‍പ്പെടെ എല്ലാവരുടെയും മനസ്സില്‍ മോദിയാണ്. ഇത്തവണയും ബിജെപി സര്‍ക്കാരിനായി സിയോനി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: