മട്ടാഞ്ചേരി: കൊച്ചിയില്‍ രണ്ട് മിസ്സ് കേരള ജേതാക്കള്‍ അപകടത്തില്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അന്വേഷണം എങ്ങുമെത്തിയില്ല. രാസലഹരി ലോബികളുടെ സജീവപങ്കാളിത്തമുള്ള കേസില്‍ പോലീസ് അന്വേഷണം ഇഴയുന്നു. രാസലഹരിക്കെതിരെ വ്യാപക നടപടികള്‍ സ്വീകരിക്കുന്നതായി പോലീസും എക്സെസും അവകാശപ്പെടുമ്പോഴും
മയക്ക് മരുന്നുലോബികള്‍ക്ക് സജീവ പങ്കാളിത്തമുള്ള കൊച്ചിയില്‍ നടന്ന കേരള സുന്ദരികളുടെ അപകട മരണം ഇന്നും ആശങ്കയുണര്‍ത്തുന്ന ഒന്നായി മാറുകയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍:18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവേ വൈറ്റില-ഇടപ്പള്ളി ദേശീയപാതയിലാണ് 2019 ലെമിസ്സ് കേരള ആന്‍സി കബീറും (25), റണ്ണര്‍ അപ്പ് അജ്ജന ഷാജനും (24) അതിദാരുണമായി മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച അമിത വേഗതയിലായിരുന്ന കാര്‍ രാത്രി 12.30ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു.
ബൈക്കുകാരനെ ഇടിച്ച് മീഡിയന് തകര്‍ത്ത് മരത്തിലിടിച്ചുള്ള അപകടത്തില്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്ത മുഹമ്മദ് ആഷിക്കും (25) മരണപ്പെട്ടു. ഫോര്‍ട്ടു കൊച്ചിയില്‍ നടന്ന ഡിജെപാര്‍ട്ടി രാസലഹരി നിശാപാര്‍ട്ടിയായിരുന്നുവെന്നും ഇതില്‍ പങ്കെടുത്ത് മടങ്ങവേ മറ്റൊരു കാര്‍ ഇവരെ പിന്തുടര്ന്നതായും അമിത വേഗതയെ തുടര്‍ന്ന് അപകടത്തിനുമിടയാക്കിയതെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന് പിന്നില്‍ രാസലഹരി സംഘത്തിന്റെ പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി വന്‍പ്രതിഷേധവുമുയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോര്‍ട്ടുകൊച്ചി നമ്പര്‍:18 ഹോട്ടലിലെ നിശാ പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് അപകടമെന്നും കണ്ടെത്തി.
ഹോട്ടലുടമ റോയ് ജെ വയലാട്ടും, ഷൈജൂ തങ്കച്ചന് എന്നിവരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ നിശാപാര്‍ട്ടി വേളയില്‍ ഹോട്ടലിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക്കുകള്‍ നശിപ്പിച്ചതായാണ് കണ്ടെത്തി. എന്നാല്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയുടെ മറവില്‍ രാസലഹരി നിശാപാര്‍ട്ടികളും മയക്ക് മരുന്ന് സംഭരണവുമുണ്ടെന്നും രാത്രി കാലങ്ങളില്‍ നിരന്തര നിയമലംഘനം നടത്തിയുള്ള മദ്യവിതരണവും കണ്ടെത്തി. ഇതിനിടെ ഹോട്ടലുടമ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പോക്സോ കേസ്സിലുമകപ്പെട്ടു.
ബാംഗ്ലൂര്‍, കോഴിക്കോട് മേഖലയിലെ രാസലഹരി സംഘങ്ങളുടെ കൊച്ചിയിലെ സുപ്രധാന കേന്ദ്രമായാണ് നമ്പര്‍; 18 ഹോട്ടലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും തുടരന്വേഷണത്തില്‍ ഇവയെല്ലാം പോലീസ് ഫയലുകളില്‍ നിന്നും മായ്ഞ്ഞു പോയത് വിവാദമായി. ഹോട്ടലുടമ റോയ്.ജെ.വയലാറ്റ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെവരെ സമീപിച്ചത് സംന്ധിച്ച കേസ് അന്വേഷണങ്ങളും വിവാദങ്ങളും മാസങ്ങളോളം സജീവമാക്കിയെങ്കിലും ഹോട്ടലുടമയുടെയും തങ്കച്ചന്റെയും അറസ്റ്റിലും ചോദ്യം ചെയ്യലിലുമെത്തി. കൂടാതെ ഏതാനും ഹോട്ടല്‍ ജീവനക്കാര്‍, പാര്‍ട്ടിയില്‍ പങ്കെടുത്ത നാല് സ്ത്രീകളടക്കം 17പേര്‍ക്കെതിരെ കേസ്സുമെടുത്തു. തുടര്‍ന്ന് കേസ് കാണാതായ സിസിടിവി ഹാര്‍ഡ്സ്ക് അന്വേഷണത്തിലുമൊതുക്കി. പോലീസ്- എക്സെസ്
-ലഹരി വിരുദ്ധ സ്ക്വാഡ്, പ്രത്യേക അന്വേഷണ സംഘം എന്നിവരുടെ അന്വേഷണ നടപടികള്‍ ഇവയില്‍ ഒതുങ്ങി.
അപകടമരണം സംബന്ധിച്ച് ഭരണ- പ്രതിപക്ഷരാഷ്ട്രീയ കക്ഷികളുടെ സമരങ്ങള്‍ സജീവമായെങ്കിലും അതെല്ലാം കെട്ടടങ്ങി. രാസലഹരി സംഘങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ നാടെങ്ങും ആരവങ്ങളും സമരങ്ങളും നടക്കുമ്പോഴും കൊച്ചിയിലടക്കം ഹോട്ടലുകളില്‍ നടക്കുന്ന രാത്രികാല രാസലഹരി നിശാപാര്‍ട്ടികളെ പോലീസും ഭരണകൂടങ്ങളും കണ്ടില്ലെന്ന് നടിക്കുന്നതായി ആരോപണമുയരുന്നുണ്ട്. സുപ്രധാന കേസ് അന്വേഷണങ്ങളിലെ പോലീസ് നിരുത്തരവാദ സമീപനം പൊതുആരോപണങ്ങള്‍ക്ക് വിധേയമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: