തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തുന്ന കേരളീയം പരിപാടിയില്‍ കലാപരിപാടികള്‍ക്ക് നല്കുന്ന തുകയിലും വന്‍ദുരൂഹത. മിക്ക പരിപാടികളും പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ വാങ്ങുന്ന തുകയേക്കാള്‍ കൂടുതലായി വഴിവിട്ട് ചിലവഴിച്ചു.
കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി 41 വേദികളിലായിട്ടാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന വേദി സെന്‍ട്രല്‍ സ്റ്റേഡിയമാണ്. ഇവിടെ ഒരുക്കിയിട്ടുള്ള പരിപാടികളിലാണ് വന്‍ തുക നല്‍കുന്നത്. നടി ശോഭനയുടെ നൃത്ത പരിപാടിക്ക് 6.5 ലക്ഷം. മലയാള മിഷന്റെ മുരുകന് കാട്ടാക്കട അവതരിപ്പിക്കുന്ന മാ എന്ന പരിപാടിക്ക് 3.5 ലക്ഷം. കെ.എസ് ചിത്രയുടെ ഗാനമേളയ്ക്ക് 20 ലക്ഷം, കലാമണ്ഡലത്തിന്റെ ഡാന്സ്ഷ്യൂഷന് 5 ലക്ഷം, സ്റ്റീഫന്‍ ദേവസ്യയുടേയു മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടേയും പരിപാടിക്ക് 8 ലക്ഷം, ജി.എസ് പ്രദീപും എംഎല്‍എ മുകേഷും നടത്തുന്ന കേരള പെരുമയെന്ന പരിപാടിക്ക് 7 ലക്ഷവുമാണ് നല്‍കുന്നത്.
ഈ വേദിയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവിടുന്നത് സംഗീത സംവിധായകന് എം.ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ മെഗാഷോയ്ക്ക് ഒരു കോടി പത്ത് ലക്ഷമാണ് നല്‍കുന്നത്. ആദ്യം 1.80 കോടിക്ക് പദ്ധതി ഒരുക്കിയെങ്കിലും തുക വിവാദമാകുമെന്ന് കോര്‍ കമ്മറ്റിക്കിടയില് ചര്‍ച്ചയായതോടെ കുറവ് വരുത്തിയതായി പറയുന്നു.
മലയാളപ്പുഴ എന്ന പേരില്‍ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടത്തുന്ന പരിപാടിക്ക് 15 ലക്ഷമാണ് നല്‍കുന്നത്. ചില നാടകങ്ങള്‍ക്ക് ഒന്നര ലക്ഷമാണ് പ്രതിഫലമായി വകയിരുത്തിയത്. കലാപരിപാടികളില്‍ കോടികളുടേയും ലക്ഷങ്ങളുടേയും കണക്കുകള്‍ നിരത്തുമ്പോള്‍ റോഡലങ്കാരങ്ങള്ക്കുള്ള തുകയും പിന്നിലല്ല. രണ്ട് കോടി എണ്‍പത് ലക്ഷമാണ് ഇല്യുമിനേഷന്‍ മാത്രമായി ചിലവഴിച്ചിട്ടുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയത്.
നഗരത്തിലെ അറിയപ്പെടുന്ന ലൈറ്റ് ഡിസൈനറാണ് ഇത് ഡിസൈന്‍ ചെയ്തത്. എന്നാല്‍ ഡിസൈന്‍ പൂര്‍ത്തിയായപ്പോള്‍ ഡിസൈനറെ പദ്ധതിയില്‍ നിന്നു തന്നെ തഴയുകയായിരുന്നു. ധനകാര്യ വകുപ്പില്‍ നിന്നും അനുവദിച്ച 27 കോടിയിലാണ് സമിതികള്‍ക്ക് മുന്‍കൂര്‍ തുക നല്‍കിയത്. ഇത് കേരള ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്നും പറയുന്നു. ഓണാഘോഷ പരിപാടികള്‍ക്ക് പോലും പരിപാടി കഴിഞ്ഞതിന് ശേഷമാണ് പറഞ്ഞുറപ്പിച്ച തുക നല്‍കിയിട്ടുള്ളത്. പ്രതിഫലം ലഭിക്കുന്നതില്‍ തടസ്സമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച പരിപാടികളില്‍ നിന്ന് സമിതികള്‍ പിന്നാക്കം പോകാന്‍ ശ്രമിച്ചതോടെയാണ് മുന്‍കൂര്‍ തുക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: