ഇടതുമുന്നണി ഭരണത്തിന്‍കീഴില്‍ ജനജീവിതം അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുന്നതിനിടെ വൈദ്യുതി നിരക്കിലും വര്‍ധന വരുത്തി സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുകയാണ്. ബഹുഭൂരിപക്ഷം ഉപഭോക്താക്കള്‍ക്കും ബാധകമാവുന്ന വിധത്തില്‍ യൂണിറ്റിന് 20 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ആവശ്യത്തിന് തികയുന്നില്ലെന്നും, അതുകൊണ്ട് പുറമേ നിന്ന് വാങ്ങുകയാണെന്നുമുള്ള കാരണം പറഞ്ഞാണ് ഈ അധികഭാരം കൂടി പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നിരക്കുവര്‍ധനയുടെ പ്രഖ്യാപനവും അത് പ്രാബല്യത്തില്‍ വന്നതും ഒരുമിച്ചാണ്. ഗാര്‍ഹിക ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം താങ്ങാനാവാത്ത വൈദ്യുതി നിരക്ക് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പരിമിത വരുമാനക്കാരും കൂലിപ്പണിക്കാരുമൊക്കെ വളരെയധികം കഷ്ടപ്പെട്ട് പണമുണ്ടാക്കിയാണ് വൈദ്യുതി ചാര്‍ജ് അടച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ചെലവുകള്‍ കഴിഞ്ഞ് ഒന്നും ബാക്കി വരാതാവുമ്പോള്‍ എവിടെ നിന്നെങ്കിലും കടം വാങ്ങിയും ആകെക്കൂടിയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചുമൊക്കെയാണ് ആളുകള്‍ കറന്റു ബില്ലടയ്ക്കുന്നത്. ഇരുട്ടത്തിരിക്കേണ്ടിവരുമെന്നതിനു പുറമെ കുട്ടികളുടെ പഠനം മുടങ്ങുന്നതുമൊക്കെ കണക്കിലെടുക്കുമ്പോള്‍ എങ്ങനെയെങ്കിലും പണം അടയ്ക്കുകയാണ്. പലര്‍ക്കും അന്തിമ തീയതി കഴിഞ്ഞാണ് ഇതിനു കഴിയുന്നത്. അതിനാല്‍ പിഴ നല്‍കേണ്ടിയും വരുന്നു. ജനങ്ങളുടെ ഈ നിവൃത്തികേട് സര്‍ക്കാരിന് നന്നായറിയാം. അതുകൊണ്ട് എത്രഭാരം അടിച്ചേല്‍പ്പിച്ചാലും അതു സഹിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയാണ് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നയമൊന്നുമില്ലെന്നതാണ് വാസ്തവം. അണക്കെട്ടില്‍ വെള്ളമില്ല, ഉല്‍പ്പാദനം കുറവാണ് എന്ന കാരണം പതിറ്റാണ്ടുകളായി പറഞ്ഞുപോരുന്നതാണ്. വൈദ്യുതി ഉല്‍പ്പാദനത്തിന് അണക്കെട്ടുകളെ മാത്രം ആശ്രയിക്കുന്നതിനു പകരം മറ്റ് മാര്‍ഗങ്ങളെ ആശ്രയിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു വേണ്ട വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് അവിടെ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍നിന്നാണെന്ന് അഭിമാനത്തോടെ പറയും. എന്നാല്‍ ഇത് മറ്റ് സ്ഥാപനങ്ങളില്‍ എന്തുകൊണ്ട് പ്രാവര്‍ത്തികമാക്കുന്നില്ല എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. സോളാര്‍ എനര്‍ജി വ്യാപകമാക്കുന്ന കാര്യത്തില്‍ നടന്നത് വലിയൊരു വിവാദം മാത്രമാണല്ലോ. വിദേശ രാജ്യങ്ങളില്‍ മാത്രമല്ല, കേരളത്തിനു പുറത്ത് പല സംസ്ഥാനങ്ങളും സോളാര്‍ എനര്‍ജി വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്. വലിയ അശുപത്രികള്‍വരെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതായാണ് അറിവ്. പക്ഷേ കാലാവസ്ഥയും മറ്റും അനുകൂലമായിരുന്നിട്ടും കേരളത്തില്‍ മാത്രം ഇത്തരം വൈദ്യുതോല്‍പ്പാദനത്തിന് ആരും മുന്‍കയ്യെടുക്കുന്നില്ല. ജലവൈദ്യുതി പദ്ധതിയില്‍നിന്നുള്ള ഉല്‍പ്പാദനം കുറയുമ്പോള്‍ മറ്റിടങ്ങളില്‍നിന്ന് വന്‍ വില നല്കി വൈദ്യുതി വാങ്ങുകയെന്നതാണ് ഇവിടുത്തെ രീതി. ഇതിനു പിന്നില്‍ വലിയ കള്ളക്കളികളും അഴിമതിയുമുണ്ട്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ വേണ്ടി മാത്രമായി ഉല്‍പ്പാദനം ബോധപൂര്‍വം കുറയ്ക്കാറുണ്ട്. മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒരു കൂട്ടുകച്ചവടമാണിത്.
എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ട് പ്രളയങ്ങളും കൊവിഡ് മഹാമാരിയും ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നു. ഇതുണ്ടാക്കിയ ആഘാതങ്ങളില്‍നിന്ന് ജനങ്ങള്‍ ഇനിയും കരകയറിയിട്ടില്ല. ജനങ്ങള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍പ്പെട്ട് വലഞ്ഞപ്പോള്‍ ആ അവസരം ഉപയോഗിച്ച് അഴിമതി നടത്താനാണല്ലോ പിണറായി സര്‍ക്കാര്‍ ശുഷ്കാന്തി കാണിച്ചത്. ഇതുസംബന്ധിച്ച കേസുകള്‍ ഇപ്പോഴും കോടതികളിലാണ്. മതതീവ്രവാദികളെയും ഭീകരവാദികളെയും പ്രീണിപ്പിച്ച് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുക, പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള ആനുകൂല്യങ്ങള്‍ നല്‍കുക എന്നതിനപ്പുറം സാധാരണ ജനങ്ങളെ സഹായിക്കാനുള്ള ആത്മാര്‍ത്ഥതമായ യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. വില വര്‍ധനവിന് കാരണമാകുന്ന ഇന്ധന നികുതി ഒഴിവാക്കണമെന്ന് ജനങ്ങളെല്ലാം ഒന്നടങ്കം ആഗ്രഹിച്ചിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. സാധന വില വര്‍ധന പിടിച്ചുനിര്‍ത്താനോ അമിത വില ഈടാക്കുന്നത് തടയാനോ ഫലപ്രദമായ യാതൊരു നടപടിയുമുണ്ടായില്ല. തീവില കാരണം നിത്യോപയോഗ സാധനങ്ങള്‍ പലതും ജനങ്ങള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടയിലാണ് വൈദ്യുതി നിരക്ക് വര്‍ധനയിലൂടെയും സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചിരിക്കുന്നത്. അധികം വൈകാതെ ബസ് യാത്രാ നിരക്കും വര്‍ധിപ്പിക്കാനാണ് സാധ്യത. അതിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് കേരളീയം നടത്തി അഭിമാനംകൊള്ളുകയാണ് സര്‍ക്കാര്‍! എന്നാല്‍ ഇതിലൊന്നും ജനങ്ങള്‍ പങ്കുചേരുന്നില്ല. അവര്‍ക്കതിന് കഴിയില്ല എന്നതാണ് വാസ്തവം. അഴിമതിയുടെ പര്യായമാണ് ഏഴ് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണം. അഴിമതി നടക്കാത്ത ഒരു വകുപ്പുപോലുമില്ല. എന്നിട്ടും വാതോരാതെ ജനക്ഷേമം പ്രസംഗിക്കുകയാണ് മന്ത്രിമാര്‍. ഇതിന്റെ പൊള്ളത്തരമാണ് ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വര്‍ധന തുറന്നുകാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: