അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പോര് കടുക്കുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്ന വാഗ്ദാനങ്ങളില്‍ എല്ലാ പാര്‍ട്ടികളും ഒരു കാര്യം ആവര്‍ത്തിക്കുന്നു. പാചകവാതക സബ്സിഡി.
അഞ്ച് സംസ്ഥാനങ്ങളിലെയും പ്രകടനപത്രികകളില്‍ കോണ്‍ഗ്രസ് ഊന്നുന്നത് എല്‍പിജി സബ്സിഡി നടപ്പാക്കും എന്നാണ്. അതേസമയം ഉജ്ജ്വല പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ പാചകവാതക വില കുറച്ചത് ചൂണ്ടിക്കാട്ടി ബിജെപിയും പ്രചാരണം ശക്തമാക്കുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഒരു കോടിയിലധികം കുടുംബങ്ങള്‍ക്കാണ് പാചക വാതക സിലിണ്ടറുകള്‍ വാഗ്ദാനം ചെയ്തത്. ഈ വര്‍ഷം ആദ്യം മെഹംഗായ് റാഹത്ത് പദ്ധതിയിലൂടെ സര്‍ക്കാര്‍ സബ്സിഡിയുള്ള സിലിണ്ടറുകള്‍ 500 രൂപയ്ക്ക് നല്കാന് തുടങ്ങിയതും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്.
500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്‍കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ആഗസ്തില്‍ത്തന്നെ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് 450 രൂപയ്ക്ക് സിലിണ്ടറുകള്‍ എന്ന് ജൂലൈയില്‍ നല്കിയ വാക്ക് നടപ്പാക്കി. തെലങ്കാനയിലും അഞ്ഞൂറ് രൂപയ്ക്ക് സിലിണ്ടറുകള്‍ എന്നതായിരുന്നു കോണ്‍ഗ്രസ് പ്രചാരണം.
ഭാരത് രാഷ്ട്ര സമിതിയുടെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സിലിണ്ടര്‍ വില 400 രൂപയാക്കുമെന്ന വാഗ്ദാനം കൊണ്ടാണ് കോണ്‍ഗ്രസിനെ വെട്ടിയത്. മിസോറാമിലും എല്‍പിജി തന്നെ മുഖ്യം. ദരിദ്രരായ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡുള്ളവര്‍ക്കും സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളിലും സിലിണ്ടറിന്റെ വില 750 രൂപയായി കുറയ്ക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
അതേസമയം മധ്യപ്രദേശ് ഒഴികെ മറ്റൊരിടത്തും ബിജെപി പ്രത്യേക എല്‍പിജി സബ്സിഡികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ രണ്ട് അധിക എല്‍പിജി സബ്സിഡികള്‍ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടുകയാണ് ബിജെപി.
പുതിയ എല്‍പിജി കണക്ഷനുകള്‍ക്ക് സബ്സിഡി നല്കുന്ന പദ്ധതി 2016ലാണ് കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തില്‍ 9.65 കോടി എല്‍പിജി കണക്ഷനുകള്‍ പുതിയതായി നല്കി. ആഗസ്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എല്‍പിജി സിലിണ്ടര്‍ വില 200 രൂപ കുറച്ചതും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: