കൊച്ചി: മാസപ്പടി കേസില്‍ തെളിവില്ലെന്ന വാദം തെറ്റാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. അഖില്‍ ഹൈക്കോടതിയില്‍.
വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രഥമിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്ന് അമിക്കസ് ക്യൂറി നിലപാട് അറിയിച്ചു. ഇന്റിറിം സെറ്റില്‍മെന്റ്ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതാണെന്നും അമിക്കസ് ക്യൂറി പറയുന്നു. എന്നാല്‍ വിജിലന്‍സ് കോടതി ഉത്തരവില്‍ അപാകതയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജസ്റ്റീസ് ടിആര്‍ രവിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി നല്കിയ കളമശേരി സ്വദേശി ഗിരീഷ് ബാബു മരിച്ച സാഹചര്യത്തില്‍ ഹര്‍ജിയുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് താത്പര്യമില്ലെന്ന് നേരത്തെ അഭിഭാഷകന് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും ചില യുഡിഎഫ് നേതാക്കള്‍ക്കുമെതിരായ മാസപ്പടി വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗിരീഷ് നല്കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: