തൃശൂര്‍: തുലാമഴയില്‍ ജില്ലയില്‍ ഇടിമിന്നലിന്റെ എണ്ണം കൂടിയെന്നു റിപ്പോര്‍ട്ട്. പലഭാഗങ്ങളിലും മിന്നലാഘാതത്തില്‍ വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും വ്യാപകമായ കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. മാര്‍ച്ച്‌മേയ് മാസങ്ങളിലും ഒക്ടോബര്‍നവംബര്‍ മാസങ്ങളിലും പെയ്യുന്ന മഴയ്‌ക്കൊപ്പം എത്തുന്ന ഇടിയെയും മിന്നലിനെയുമാണ് എല്ലാവര്‍ക്കും ഭയം.
താപനിലയിലുണ്ടാകുന്ന വ്യതിയാനമാണു മിന്നലിനു പ്രധാന കാരണമായി വിദഗ്ധര്‍ പറയുന്നത്. തൃശൂർ ജില്ലയില്‍ വൈകുന്നേരങ്ങളില്‍ പരക്കെ മഴയുണ്ടെങ്കിലും പകലിലെ ചൂടിന്റെ തീവ്രത കൊണ്ടാകാം ഇടിമിന്നല്‍ കൂടിയതെന്നു വിലയിരുത്തുന്നു. ഭൂപ്രകൃതി മറ്റൊരു കാരണമാണ്. മലഞ്ചെരിവുകളില്‍ ഇടിമിന്നല്‍ ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഇടിമിന്നലില്‍ വീടിനും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ പരക്കെ സംഭവിക്കാറുണ്ട്. കെട്ടിടങ്ങളിലെ എര്‍ത്തിങ് സംവിധാനം മെച്ചപ്പെടുത്തി കേടുപാടുകളുടെ തീവ്രത കുറയ്‌ക്കാവുന്നതാണ്.
വീടുകളിലെ വയറിങ്ങിന്റെ കാലപ്പഴക്കം മിന്നലിനെ തുടര്‍ന്നുണ്ടാകുന്ന അഗ്‌നിബാധയ്‌ക്കു കാരണമാകുന്നു. കൂടുതല്‍ വൈദ്യുതി എത്തുമ്പോള്‍ വൈദ്യുതി ബന്ധം തന്നെ വിഛേദിക്കുന്ന മെയിന്‍ സ്വിച്ചുകള്‍ ഉപയോഗിക്കാം. കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്‌ക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം. വീടും ഗൃഹോപകരണങ്ങളും ഇന്‍ഷുര്‍ ചെയ്യുന്നതിലൂടെ കേടുപാടുകളിലുണ്ടായ നഷ്ടം നികത്താം.
കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പൊരി ബസാറിൽ രാത്രി മഴയെ തുടര്‍ന്ന് ഉണ്ടായ ഇടിമിന്നലില്‍ വീടുകള്‍ക്കും വീട്ട് ഉപകരണങ്ങള്‍ക്കും കേടപാട് സംഭവിച്ചു. പൊരി ബസാര്‍ പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന മൊയ്തീന്‍ എടച്ചാലിലിന്റെ വീട്ടിലെ ഉപകരണങ്ങളാണ് നശിച്ചത്. രാത്രിയിലുണ്ടായ ഇടിമിന്നലില്‍ ഒരു തീഗോളം ജനല്‍ ഗ്ലാസില്‍ വന്നിടിച്ചാണ് ഗ്ലാസ് പൊട്ടിയത്.
മോട്ടോര്‍ , ഫാന്‍, ലൈറ്റുകള്‍, മതിലിന്റെ കരിങ്കല്ല് ഫൗണ്ടേഷന്‍ എന്നിവക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. അടുത്ത വീട്ടുകാരായ കാട്ടു പറമ്പില്‍ മുഹമ്മദ് ഹാഷിം, ചാണാശ്ശേരി ചന്ദ്ര ബോസ്, ചാണാശ്ശേരി ഗൗതമന്‍ എന്നിവരുടെ വീട്ടിലെ ലൈറ്റുകള്‍ക്കും മറ്റു ഉപകരണങ്ങര്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: